IndiaNEWS

ഒരു മണിക്കൂറില്‍ തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 29 പേരെ; പരിശോധനാഫലത്തില്‍ ഞെട്ടി നാട്ടുകാര്‍

ചെന്നൈ: ഒരു മണിക്കൂറിനുള്ളില്‍ 29 പേരെ ഓടിച്ചിട്ട് കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരെ കടിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. ഈ നായയെ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ചെന്നൈയിലെ റോയാപുരം ഭാഗത്താണ് ഏതാനും ദിവസം മുന്‍പ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസമാണ് മദ്രാസ് വെറ്റിനറി കോളേജ് പരിശോധനാഫലം പുറത്ത് വിട്ടത്.

10 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരില്‍ 24 പേരുടെ മുറിവ് ആഴമുള്ളതായിരുന്നു. നായ കടിയേറ്റ എല്ലാവര്‍ക്കും റാബീസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. സംഭവം വലിയ കോലാഹലം സൃഷ്ടിച്ചതിന് പിന്നാലെ പ്രദേശത്ത് നിന്ന് 52 തെരുവുനായകളേയാണ് നഗരസഭാ ജീവനക്കാര്‍ പിടികൂടിയത്.

Signature-ad

പിന്നാലെ നായകളുടെ സെന്‍സസ് എടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തിരക്കേറിയ ജി എ റോഡിലൂടെ പാഞ്ഞു നടന്ന തെരുവുനായ മുന്നില്‍ കണ്ടവരേയെല്ലാം ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തി നായയെ തല്ലിക്കൊന്നത്. റോഡ് സൈഡില്‍ കിടന്ന നായ പെട്ടന്ന് ആക്രമണകാരിയാവുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ ആക്രമണത്തേക്കുറിച്ച് പ്രതികരിച്ചത്. നായയുടെ ആക്രമണത്തില്‍ മിക്ക ആളുകള്‍ക്കും കാലിനാണ് പരിക്കേറ്റത്. കടിക്കുക മാത്രമല്ല കടിച്ച് കുടയാനും നായ ശ്രമിച്ചതായാണ് പരിക്കേറ്റവര്‍ പ്രാദശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഉടമസ്ഥന്‍ ഉപേക്ഷിച്ചതെന്ന് കരുതപ്പെടുന്ന നായ ഏറെ നാളുകളായി തെരുവിലുണ്ടെന്നാണ് പ്രദേശവാസികള്‍ പ്രതികരിക്കുന്നത്. തെരുവുനായ ശല്യം കാര്യക്ഷമമായി കൈകാര്യം ചെയ്യാത്തതില്‍ പ്രദേശവാസികള്‍ കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. വെറ്റിനറി കോളേജിന് സമീപത്തായി വളര്‍ത്തുനായകളെ വ്യാപകമായി ഉപേക്ഷിക്കുന്നതും അടുത്തിടെ വര്‍ധിച്ചതായാണ് നാട്ടുകാര്‍ വിശദമാക്കുന്നത്. 2022ല്‍ 16000 ത്തോളം തെരുവുനായകളെയാണ് കോര്‍പ്പറേഷന്‍ പിടികൂടി വന്ധ്യംകരിച്ചത്.

Back to top button
error: