കൊച്ചി: ഐഎസ്എല്ലിൽ ആവേശം നിറച്ച് കേരളാ ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ് സി മത്സരം. ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചു.
ആദ്യ മിനിറ്റിൽ തന്നെ വലചലിപ്പിച്ച് ചെന്നൈൻ എഫ് സിയാണ് ആവേശപോരിന് തുടക്കം കുറിച്ചത്. പത്ത് മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സ് മറുപടി നൽകി. ബ്ലാസ്റ്റേഴ്സ് താരം ക്വാമി പെപ്രയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ദിമിത്രിയോസ് ഡയമണ്ടക്കോസ് വലയിലെത്തിച്ചു.
പക്ഷേ ആഘോഷങ്ങൾ അവസാനിക്കും മുമ്പെ 13-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ചെന്നൈന്‍റെ ജോർദാൻ മുറെ വലയിലെത്തിച്ചു. 19-ാം മിനിറ്റിലെ ചെന്നൈയിൻ വലചലിപ്പിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. ബ്ലാസ്റ്റേഴ്സ് കീപ്പർ സച്ചിനെ ഫൗൾ ചെയ്തതാണ് ചെന്നൈയിന് തിരിച്ചടിയായത്. പക്ഷേ 24-ാം മിനിറ്റിൽ ചെന്നൈയിൻ വീണ്ടും മുന്നിലെത്തി. വീണ്ടും ജോർദാൻ മുറെയാണ് ഗോൾ നേടിയത്.
ഇതോടെ ഒന്നിനെതിരെ മൂന്ന് ഗോളിന് ചെന്നൈൻ മുന്നിലെത്തി.എന്നാൽ 37-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ക്വാമി പെപ്ര സീസണിൽ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ കുറിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ചെന്നൈൻ 3-2ന് മുന്നിലായിരുന്നു.
രണ്ടാം പകുതി ബ്ലാസ്റ്റേഴ്സിന്റെ തുടർ ആക്രമണങ്ങൾക്കായിരുന്നു സാക്ഷ്യം വഹിച്ചത്. 58-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് സമനില നേടി. കിടിലൻ ഷോട്ടിലൂടെ വീണ്ടും ദിമിത്രിയോസ് ഡയമണ്ടക്കോസ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി.
വീണ്ടും തുടർച്ചയായുള്ള ആക്രമണങ്ങൾ ബ്ലാസ്റ്റേഴ്സ് അഴിച്ചുവിട്ടെങ്കിലും ചെന്നൈൻ പ്രതിരോധം കഷ്ടപ്പെട്ട് തടഞ്ഞിട്ടു.ഇൻജുറി ടൈമിന്റെ അവസാനം ഗോൾവരയ്ക്ക് മുന്നിൽ ലഭിച്ച പന്ത് ജപ്പാൻ താരം ഡൈസുകെ സകായി പുറത്തേക്കടിച്ചു കളഞ്ഞതോടെ ബ്ലാസ്റ്റേഴ്സിന് സമനിലയുമായി പിരിയേണ്ടിയും വന്നു.