KeralaNEWS

കിണറ്റിൽ വീണ പുള്ളിപ്പുലിയെ മയക്കുവെടിവച്ച് കൂട്ടിലാക്കി,  അവശനിലയിലായ പുലി ഒടുവിൽ  ചത്തു

     കണ്ണൂർ: പാനൂർ പെരിങ്ങത്തൂർ കനകമലയ്ക്കു സമീപത്തെ വീട്ടുകിണറ്റിൽ  വീണ പുലി ചത്തു. ബുധനാഴ്ച രാവിലെ കിണറ്റിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് കൂട്ടിലാക്കിയിരുന്നു. പിന്നീട് പരിശോധനയ്ക്കായി കണ്ണവത്തേക്ക് മാറ്റി. അവശനിലയിലായ പുലി കൂട്ടിലാക്കി അൽപസമയത്തിനകമാണ് ചത്തത്.

കിണറ്റിനുള്ളിൽ വലയിറക്കി പുലിയെ അതിനുള്ളിൽ കയറ്റി പകുതി ദൂരം ഉയർത്തിയ ശേഷമാണു മയക്കുവെടി വച്ച് പുറത്തെത്തിച്ചത്. തുടർന്ന് കൂട്ടിലേക്ക് മാറ്റി കണ്ണവത്ത് എത്തിക്കുകയായിരുന്നു. പുലിയുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച വയനാട്ടിൽ വച്ചു നടത്തും.

Signature-ad

കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് അതിനു സമീപമാണ് പുലിയെ കയറ്റാനുള്ള കൂട് വച്ചിരുന്നത്. കിണറ്റിൽ രണ്ടര കോല്‍ വെള്ളമുണ്ടായിരുന്നു. മോട്ടർ ഉപയോഗിച്ച് ഇതു വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കാനായിരുന്നു ഡി.എഫ്.ഒ അനുമതി നൽകിയത്. വനം വകുപ്പിന്റെ വയനാട്ടിൽ നിന്നുള്ള സംഘം എത്തിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. വെറ്ററിനറി സർജൻ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണു മയക്കുവെടി വച്ചത്.

അണിയാരം സ്വദേശി സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. ഇന്നു രാവിലെയോടെ കിണറ്റിൽനിന്ന് ശബ്ദം കേട്ട് വീട്ടുകാർ ചെന്നുനോക്കിയപ്പോഴാണ് പുലിയെ കണ്ടത്. കിണറ്റിൽ പുലി വീണതറിഞ്ഞ് നാട്ടുകാരും സമീപ പ്രദേശത്തുനിന്നുള്ളവരും സ്ഥലത്ത് തടിച്ചുകൂടി. ഏതാനും കിലോമീറ്റർ അപ്പുറത്തുള്ള കനകമലയുടെ സമീപത്തെ കാട്ടിൽ നിന്നാകാം പുലി ജനവാസ കേന്ദ്രത്തിൽ എത്തിയതെന്നാണ് സംശയിക്കുന്നത്.

Back to top button
error: