KeralaNEWS

ഉള്ളുലഞ്ഞ് 20 മണിക്കൂര്‍, ആശ്വാസവാര്‍ത്ത കേട്ട് പൊട്ടിക്കരഞ്ഞ് അമ്മ; കൂപ്പുകൈകളോടെ ബന്ധുക്കളും

കൊല്ലം: ഇരുപതുവര്‍ഷങ്ങളെന്ന പോലെ കടന്നുപോയ ഇരുപതുമണിക്കൂറുകള്‍, ഒടുവില്‍ പൊന്നോമനയെ കണ്ടെത്തിയ വിവരമറിഞ്ഞ് അബിഗേലിന്റെ അമ്മ സിജി റെജി പൊട്ടിക്കരഞ്ഞു. ഒപ്പമുണ്ടായിരുന്ന മൂത്തമകന്‍ ജോനാഥന്റെ മുഖത്തും ചിരിവിടര്‍ന്നു. മണിക്കൂറുകള്‍നീണ്ട ആശങ്കയും ദുഃഖവുമെല്ലാം സന്തോഷത്തിലേക്ക് വഴിമാറിയനിമിഷങ്ങള്‍. ഇനി എത്രയുംവേഗം അബിഗേലുമായി പോലീസ് വീട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം.

തിങ്കളാഴ്ച വൈകിട്ട് ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ അക്രമിസംഘം കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞെന്നാണ് പോലീസിന്റെ നിഗമനം.

Signature-ad

ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് വിവരം തിരക്കിയത്. മുന്നിലിരിക്കുന്ന കുഞ്ഞ് അബിഗേല്‍ സാറാ റെജിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ പിങ്ക് പോലീസിനെയും കൊല്ലം ഈസ്റ്റ് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

അബിഗേലിനെ കണ്ടെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്ന് നാട്ടുകാരില്‍ ഒരാള്‍ പ്രതികരിച്ചു. ”വളരെ സന്തോഷം. എന്റെ മകളുടെ പ്രായമാണ്. ഞങ്ങളുടെ വീടിന് അടുത്തുവെച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് അറിയാന്‍ കഴിഞ്ഞിരുന്നത്. അപ്പോള്‍ ഒച്ച കേട്ട് പുറത്തിറപ്പോള്‍, മോനെ (അബിഗേലിന്റെ സഹോദരന്‍) മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. അവന്റെ മുട്ടിലൊക്കെ മുറിവുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകുന്നത് കണ്ട ഒരു ചേച്ചിയും അവിടെയുണ്ടായിരുന്നു. എന്തായാലും ഒരുപാട് സന്തോഷം. എല്ലാവരോടും നന്ദി അറിയിക്കുന്നു”- യുവതി പറഞ്ഞു.

 

Back to top button
error: