നിലവില്‍ 158 ബസുകളാണ് ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി പമ്ബയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 128 ബസുകളും ഇടവേളയില്ലാതെ നിലയ്ക്കല്‍- പമ്ബ ചെയിൻ സര്‍വീസ് നടത്തുന്നു. 30 ബസുകള്‍ ദിര്ഘ ദൂര സര്‍വീസുകള്‍ക്കായും ഉപയോഗിക്കുന്നു. തിരക്ക് വര്‍ദ്ധിക്കുന്ന ഘട്ടങ്ങളില്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനും കെഎസ്ആര്‍ടിസി സജ്ജമാണ്.
ശരാശരി 50 ലക്ഷത്തിന്റെ പ്രതിദിന വരുമാനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ തിരക്കിന് അനുസരിച്ച് വരുമാനം ഇനിയും ഉയരും. പമ്ബ- നിലയ്ക്കല്‍ യാത്രയ്ക്ക് എസിക്ക് 80 രൂപയും നോണ്‍ എസിക്ക് 50 രൂപയുമാണ് നിരക്ക്.
നിലയ്ക്കലും പമ്ബയിലും എത്തുന്ന തീര്‍ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ എത്തിക്കാൻ കാര്യക്ഷമമായ ഇടപെടലുകളാണ് ഇത്തവണ കെ എസ് ആര് ടി സി നടത്തുന്നത്. ബസിനായി കാത്ത് നില്‍ക്കാതെ യാത്ര ചെയ്യാൻ കഴിയുന്ന തരത്തില്‍ നിലയ്ക്കല്‍- പമ്ബ ചെയിൻ സര്‍വീസുകള്‍ ഇടതടവില്ലാതെ നിരത്തിലുണ്ട്.
സീറ്റില്‍ ആള് നിറയുന്ന മുറയ്ക്കാണ് ചെയിൻ സര്‍വീസിന്റെ പ്രവര്‍ത്തനം. അതിനാല്‍ യാത്രയ്ക്കായി കൂടുതല്‍ സമയം കാത്ത് നില്‍ക്കേണ്ട അവസ്ഥ ഒഴിവായിരിക്കുന്നു. മുൻ വര്‍ഷത്തെ അപേക്ഷിച്ച് കണ്ടക്ടറോട് കൂടിയാണ് ബസ് സര്‍വീസ് നടക്കുന്നത്.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍, തൃശ്ശൂര്‍, കൊട്ടാരക്കര, ഗുരുവായൂര്‍, ഓച്ചിറ എന്നിവിടങ്ങളിലേയ്ക്ക് ദീര്‍ഘ ദൂര സര്‍വീസുകളും നടക്കുന്നു. ഈ ആഴ്ച തന്നെ തെങ്കാശി, മധുര, പളനി, കോയമ്ബത്തൂര്‍, കന്യാകുമാരി തുടങ്ങിയ ഇതര സംസ്ഥാന സര്‍വീസുകളും ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.