ബംഗളൂരു: കര്‍ണാടകത്തിലെ ഗദഗില് ഒമ്പതുമാസം പ്രായമായ ആണ്‍കുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചുകൊന്ന ശേഷം കുഴിച്ചുമൂടി. ഗദഗ് ഗജേന്ദ്രഗാഡ് പുര്‍ത്തഗേരി സ്വദേശി കലാകേശ്-നാഗരത്ന ദമ്പതിമാരുടെ മകന് അദ്വിക് ആണ് മരിച്ചത്. സംഭവത്തില്‍ കലാകേശിന്റെ അമ്മ സരോജ ഗൂളിയെ പോലീസ് അറസ്റ്റുചെയ്തു.
വിവാഹം കഴിഞ്ഞ് അധികംവൈകാതെ മകന് കുഞ്ഞുണ്ടായത് ഇഷ്ടമാകാത്തതിനാല്‍ സരോജ കൊലനടത്തുകയായിരുന്നെന്ന് നാഗരത്ന പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. 2021-ലാണ് കലാകേശും നാഗരത്നയും വിവാഹിതരായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു. പ്രസവത്തിനുശേഷം അഞ്ചുമാസം കഴിഞ്ഞാണ് സ്വന്തം വീട്ടില്‍നിന്ന് നാഗരത്ന കുഞ്ഞിനൊപ്പം ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. കുഞ്ഞ് ജനിച്ചതില്‍ സരോജ നാഗരത്നയോട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
ബുധനാഴ്ച വീടിനു പുറത്തുപോയ നാഗരത്ന തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. സരോജയെ സംശയംതോന്നിയ നാഗരത്ന പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വെള്ളിയാഴ്ച രാത്രി കൃഷിയിടത്തിനുസമീപത്തെ മാവിന്‍ചുവട്ടില്‍ കുഴിച്ചുമൂടിയനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി. അടയ്ക്കയും ഇലകളും കുഞ്ഞിന്റെ വായില്‍ തിരുകി കൊലപ്പെടുത്താന്‍ സരോജ നേരത്തേ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.