കണ്ണൂര്‍ റൂറല്‍ എസ്.പി: എം. ഹേമലതയ്ക്ക്് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ നര്‍കോട്ടിക് ഡിവൈ.എസ്.പി: വി രമേശിന്റെയും,പേരാവൂര്‍ ഡിവൈ.എസ്.പി: എ.വി. ജോണിന്റെയും മേല്‍നോട്ടത്തില്‍ മാലൂര്‍ പോലീസും, റൂറല്‍ എസ്.പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും(ഡാന്‍സാഫ്) ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട.
ശിവപുരം മൊട്ടയില്‍ നിന്ന് 15.850 കിലോ കഞ്ചാവ് പിടികൂടി. രണ്ടു പേര്‍ അറസ്റ്റിലായി. പള്ളിക്കണ്ടി ഹൗസ് ഷാനിസ് കെ.പി(29) , മുസമ്മില്‍ വില്ലയില്‍ അബ്ദുല്‍ സലാം എം(34) എന്നിവരാണ് കഞ്ചാവ് കൈവശം വച്ചതിനു പോലീസ് പിടിയിലായത്. മാലൂര്‍ പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്ത്, എഎസ്‌ഐമാരായ പ്രകാശന്‍, വിനോദന്‍, എസ്പിസിഒ: ദീപ എന്നിവരും ഡാന്‍സാഫ് ടീമംങ്ങളും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
മാലൂര്‍, മുഴക്കുന്ന്, ശിവപുരം മേഖലകളില്‍ യുവാക്കള്‍ക്ക് വ്യാപകമായി കഞ്ചാവ് വില്പന നടത്തിയിരുന്ന പ്രധാന കണ്ണികളെ ആണ് പോലീസ് പിടികൂടിയത്. ജില്ലയില്‍ എസ്.പിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ശക്തമായ നടപടികള്‍ ആണ് പോലീസ് സ്വീകരിച്ചു വരുന്നത്. പ്രതികളെ തുടര്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.