IndiaNEWS

സഹയാത്രികരുടെ മനം കവര്‍ന്ന് നിര്‍മല; ധനമ്രന്തിയുടെ വന്ദേഭാരത് യാത്ര വൈറല്‍

കൊച്ചി: സഹയാത്രികരുടെ മനം കവര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ആദായ നികുതി വകുപ്പിന്റെ മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയില്‍ എത്തിയതാണ് ധനമന്ത്രി. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയത് വന്ദേഭാരത് എക്‌സ് പ്രസില്‍ ആയിരുന്നു. ടൗണ്‍ സ്റ്റേഷനില്‍ നിന്നാണ് വന്ദേഭാരതില്‍ കയറിയത്.

സുഖകരമായ യാത്രാനുഭവം വിവരിച്ച് എക്‌സില്‍ ധനമന്ത്രി പോസ്റ്റ് പങ്കു വച്ചിരുന്നു. കേരളത്തില്‍ എത്തിയപ്പോള്‍ വന്ദേഭാരതില്‍ യാത്ര ചെയ്യാന്‍ ലഭിച്ചത് മികച്ച അവസരമാണെന്ന് അവര്‍ പറഞ്ഞു. ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ യാത്രയുടെ ചിത്രങ്ങള്‍ ധനമന്ത്രി പങ്കു വെച്ചു. യാത്രക്കാരുമായി സംവദിക്കാനുള്ള മികച്ച അവസരം ലഭിച്ചു എന്നും ധനമന്ത്രി പരാമര്‍ശിച്ചു. ട്രെയിന്‍ യാത്രകളോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

Signature-ad

കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച ആദായനികുതി ഓഫീസായ ‘ആയകര്‍ ഭവന്റെ’ ഉദ്ഘാടന ചടങ്ങിനാണ് ധനമന്ത്രി എത്തിയത്. ഏകദേശം 64 കോടി രൂപ മുതല്‍മുടക്കി 8,227 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിലെ ടിഡിഎസ് വ്യവസ്ഥകളുടെ ഒരു സമാഹാരമായ ‘ടാക്സ് ഡിഡക്ടേഴ്സ് ഗൈഡ് 2023’ എന്ന പുസ്തകവും ധനമന്ത്രി പുറത്തിറക്കി. ടിഡിഎസ് വ്യവസ്ഥകള്‍ മനസിലാക്കാന്‍ പുസ്തകം സഹായകരമാണ്.

ഇതിനു ശേഷമായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. രാജ്യത്ത് സെമി-ഹൈ സ്പീഡ് ട്രെയിനുകള്‍ അവതരിപ്പിച്ചതിന് റെയില്‍വേ മന്ത്രാലയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി അഭിനന്ദിച്ചു. വന്ദേഭാരതിന്റെ ജനപ്രീതിയും ബുക്കിംഗും ധനമന്ത്രി ചൂണ്ടിക്കാട്ടി.

”കൊച്ചിയില്‍ നിന്ന് തിരുവനതപുരത്തേക്ക് വന്ദേഭാരതില്‍ യാത്ര നടത്തുന്നു. 2022 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് വന്ദേ ഭാരത് അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് എനിക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ജനപ്രിയമായതിനാല്‍, ട്രെയിനിലെ ടിക്കറ്റ് ബുക്കിങ് പൂര്‍ണ്ണമാണ്” – യാത്രയുടെ ചിത്രങ്ങള്‍ പങ്കു വെച്ചതിനൊപ്പം ധനമന്ത്രി ഇങ്ങനെ ഒരു കുറിപ്പും പങ്കു വെച്ചു. തുടര്‍ന്ന് യാത്രക്കാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ധനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറല്‍ ആയി.

കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് സര്‍വീസ് ഈ വര്‍ഷം ഏപ്രിലിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം സെന്‍ട്രലില്‍ വെച്ചായിരുന്നു ഫ്‌ളാഗ് ഓഫ്.

 

 

Back to top button
error: