KeralaNEWS

രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെയാണു കേരളത്തിലെ കാര്യം അറിയുക? പറഞ്ഞതില്‍ ഔചിത്യമില്ല; ഗെലോട്ടിനെ തള്ളി സതീശന്‍

തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് പ്രശംസിച്ച കാര്യം തനിക്ക് അറിയില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെയാണു കേരളത്തിലെ കാര്യം അറിയാന്‍ കഴിയുകയെന്നായിരുന്നു സതീശന്റെ മറുചോദ്യം. ”കേരളത്തിലെ ഭരണം മികച്ചതാണോയെന്ന് അദ്ദേഹം എങ്ങനെ അറിയും? എല്‍ഡിഎഫ് സര്‍ക്കാരിനെ പുകഴ്ത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി സംസാരിച്ചതില്‍ ഔചിത്യമില്ല. ഞങ്ങളാരെങ്കിലും പറഞ്ഞാല്‍ മാത്രമല്ലേ അദ്ദേഹത്തിന് ഇവിടുത്തെ കാര്യം അറിയാന്‍ കഴിയു. ഞങ്ങളൊന്നും പറയാറില്ല”സതീശന്‍ പറഞ്ഞു.

കേരളത്തില്‍ ഇത്തവണ സിപിഎം ഭരണം നിലനിര്‍ത്താന്‍ കാരണം അവരുടെ മികച്ച പ്രവര്‍ത്തനങ്ങളാണെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കവേ ഗെലോട്ട് പറഞ്ഞത്. ഭരണത്തുടര്‍ച്ചയാണ് ഇപ്പോള്‍ പൊതുവേ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, രാജസ്ഥാനിലും ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും വ്യക്തമാക്കുമ്പോഴാണ് കേരളത്തിലെ സാഹചര്യം ഗെലോട്ട് ഉദാഹരണമായി എടുത്തുകാട്ടിയത്. കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസും സിപിഎമ്മും മാറിമാറി ഭരിക്കുന്ന കേരളത്തില്‍, ഇത്തവണ സിപിഎം ചെയ്ത നല്ല കാര്യങ്ങളാണു ഭരണം നിലനിര്‍ത്താന്‍ സഹായിച്ചതെന്നായിരുന്നു ഗെലോട്ടിന്റെ വാദം.

Signature-ad

”ഇത്തവണ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇവിടെ ഭരണം നിലനിര്‍ത്തും. അതു തീര്‍ച്ച. സര്‍ക്കാരുകള്‍ക്കു ഭരണത്തുടര്‍ച്ച നല്‍കുന്നതാണ് ഇപ്പോഴത്തെ ഒരു ശൈലി. കേരളത്തിലെ സാഹചര്യം നോക്കൂ. അവിടെ കോണ്‍ഗ്രസും സിപിഎമ്മും മാറിമാറി ഭരിക്കുന്നതായിരുന്നു കഴിഞ്ഞ 70 വര്‍ഷമായിട്ടുള്ള രീതി. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് ഇത്തവണ അവിടെ സിപിഎമ്മിനു ഭരണത്തുടര്‍ച്ച ലഭിച്ചു.” ഗെലോട്ട് പറഞ്ഞു.

കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചത് നല്ല പ്രവര്‍ത്തനംകൊണ്ട്; ഒന്നാം പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗെലോട്ട്

 

Back to top button
error: