ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മന്ത്രി കെ.പൊന്മുടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മറ്റൊരു കേസില്‍, മന്ത്രി ദുരൈമുരുകന്റെ മകനും എംപിയുമായ കതിര് ആനന്ദിനും നോട്ടിസ് നല്കി. കതിര് ആനന്ദിനോട് 28നും പൊന്മുടിയോട് 30നും ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
20072011 കാലത്ത് ധാതു, ഖനി വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ പൊന്മുടി അഴിമതി നടത്തിയെന്ന ആരോപണത്തില്‍ നേരത്തെ വിജിലന്‍സ് കേസെടുത്തിരുന്നു ഇതുമായി ബന്ധപ്പെട്ട് ഒക്ടോബറില്‍ പൊന്മുടിയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ ഇ.ഡി തിരച്ചില്‍ നടത്തുകയും തുടര്‍ച്ചയായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
2019ലെ ആദായ നികുതി പരിശോധനയുമായി ബന്ധപ്പെട്ടാണ് കതിര് ആനന്ദിനെ വിളിപ്പിച്ചതെന്നാണു വിവരം. കതിര് ആനന്ദുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ 2019ല്‍ നടത്തിയ പരിശോധനയില്‍ 11.48 കോടി രൂപ പിടിച്ചെടുത്തിരുന്നു. ആദായ നികുതി, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ വലയത്തിലാകുന്ന ഏറ്റവും ഒടുവിലത്തെ ഡിഎംകെ നേതാവാണ് കതിര് ആനന്ദ്.
ഇ.ഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജി നിലവില്‍ പുഴല്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. മന്ത്രി ഇ.വി.വേലുവുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് തുടര്‍ച്ചയായി പരിശോധന നടത്തിയിരുന്നു. ജഗദ്രക്ഷകന് എംപിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും നേരത്തെ തിരച്ചില്‍ നടത്തിയിരുന്നു.