KeralaNEWS

നവകേരള സദസില്‍ പങ്കെടുത്തില്ല; കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിയുമില്ല

കണ്ണൂര്‍: നവകേരള സദസില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതായി പരാതി. പടിയൂര്‍ പഞ്ചായത്ത് പെരുമണ്ണ് വാര്‍ഡിലാണ് സംഭവം. നവകേരള സദസിനു മുന്നോടിയായി പഞ്ചായത്ത് വിളിച്ചുചേര്‍ത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിലും ഇവര്‍ പങ്കെടുത്തിരുന്നില്ല. സി.പി.എം ഭരിക്കുന്ന പഞ്ചായത്താണ് പടിയൂര്‍.

14 സ്ത്രീകള്‍ക്കെതിരെയാണ് പഞ്ചായത്തിന്റെ നടപടിയെന്നാണു വിവരം. നവകേരള സദസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 19നു വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തില്ലെന്നു കാണിച്ചാണു നടപടി. ഇതേ യോഗത്തില്‍ തന്നെ അടുത്ത തൊഴിലുകളുമായി ബന്ധപ്പെട്ട തൊഴിലുറപ്പ് പ്രോജക്ട് യോഗവും നടത്തി. നവകേരള യോഗമാണെന്നു കരുതി തൊഴിലാളികള്‍ പങ്കെടുത്തില്ല.

Signature-ad

സാധാരണ തൊഴിലുറപ്പ് പ്രോജക്ട് യോഗത്തില്‍ അധ്യക്ഷനാകേണ്ടത് വാര്‍ഡ് അംഗമാണ്. കോണ്‍ഗ്രസ് നേതാവ് കൂടിയായ വാര്‍ഡ് അംഗത്തെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ലെന്നും പരാതിയുണ്ട്. ഇതിനുശേഷം 22ന് മട്ടന്നൂരില്‍ നടന്ന നവകേരള സദസിലും തൊഴിലാളികള്‍ പങ്കെടുത്തിരുന്നില്ല. ഇന്നലെ രാവിലെ പണിക്കെത്തിയപ്പോഴാണു മസ്റ്റര്‍ റോളില്‍ പേരില്ലെന്നും ഇതിനാല്‍ പണിയില്ലെന്നും പറഞ്ഞു തിരിച്ചയച്ചതെന്നാണു വിവരം.

ഇതേതുടര്‍ന്നു വലിയ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ സ്ഥലത്തെത്തുകയും പണി നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്നു യോഗം വിളിച്ചുചേര്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Back to top button
error: