KeralaNEWS

അറ്റകുറ്റപ്പണിക്ക് റെയില്‍വേ ഗേറ്റ് അടച്ചു; വലഞ്ഞ് യാത്രക്കാർ

ആലപ്പുഴ: തകഴി റെയില്‍വേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി മൂന്ന് ദിവസത്തേക്ക് അടച്ചതോടെ വലഞ്ഞ് യാത്രക്കാർ. അമ്ബലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ തകഴി റെയില്‍വേ ഗേറ്റാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ശനിയാഴ്ചവരെ അടച്ചിട്ടത്.

ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ആലപ്പുഴയില്‍നിന്നും തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്നുമുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകഴിയില്‍ സര്‍വിസ് അവസാനിപ്പിച്ചു.

Signature-ad

ഗേറ്റടച്ചതോടെ കരുമാടി പടഹാരം എല്ലോറവഴി തകഴി ജങ്ഷനില്‍ വാഹനങ്ങള്‍ പ്രവേശിക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, ചെറിയ ഈ റോഡ് തകര്‍ന്നുകിടക്കുന്നതും റോഡില്‍ നെല്ല് കൂട്ടിയിടിരുന്നതും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. ചെറുവാഹനങ്ങള്‍ക്കു മാത്രമേ ഇതിലൂടെ സഞ്ചരിക്കാൻ കഴിയൂ.

 വിവിധ പാടശേഖരങ്ങളില്‍നിന്ന് കൊയ്തെടുത്ത നെല്ല് ഈ റോഡിനരികിലാണ് സംഭരണത്തിനായി കൂട്ടിയിട്ടിരിക്കുന്നത്. നെല്ല് സംഭരിക്കാൻ വലിയ ലോറികളും എത്തിയിരുന്നു. ഈ സമയത്താണ് റെയില്‍വേ ഗേറ്റടച്ചതു മൂലം വാഹനങ്ങള്‍ ഈ റോഡിലൂടെ തിരിച്ചുവിട്ടത്. ആംബുലൻസുകളും ഈ ഗതാഗതക്കുരുക്കില്‍പെട്ടിരുന്നു. അമ്ബലപ്പുഴ പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

വാഹനങ്ങള്‍ ഈ റോഡിലൂടെ തിരിച്ചു വിട്ടതോടെ നെല്ല് ലോറികളില്‍ കയറ്റാൻ കാലതാമസമെടുക്കുകയാണ്.മഴ കനത്താല്‍ ഈ നെല്ലെല്ലാം നനയുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്ക്.

റെയില്‍വെ ഗേറ്റടക്കുമ്ബോള്‍ വഴി തിരിച്ചുവിടുന്ന സമാന്തരപാതകളെല്ലാം തകര്‍ന്നു കിടക്കുകയാണ്. ഇവയുടെ അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗതയോഗ്യമാക്കാൻ റെയില്‍വെ തയാറാകണമെന്ന് തകഴി പഞ്ചായത്ത് പ്രസിഡൻ്റ് എസ്.അജയകുമാര്‍ ആവശ്യപ്പെട്ടു.

Back to top button
error: