മലപ്പുറം: കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് നാളെ വൈകിട്ടു നാലിന് നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാന്‍ ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്. റാലിയില്‍ പങ്കെടുക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചതായാണ് വിവരം.
കെപിസിസി വിലക്ക് ലംഘിച്ച് ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് നവംബര്‍ നാലിന് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയതിന്റെ പേരില്‍ ഒരാഴ്ചത്തേക്ക് ഷൗക്കത്തിന് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഒരാഴ്ചക്കകം അച്ചടക്കസമിതി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതുവരെ പാര്‍ട്ടിപരിപാടികളില്‍ പങ്കെടുക്കരുതെന്നും കാണിച്ചാണ് കെപിസിസി ഷൗക്കത്തിന് നാലിന് കത്ത് നല്‍കിയത്.
പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി വിഭാഗീയ പ്രവര്‍ത്തനമല്ലെന്നു കാണിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ അച്ചടക്കസമിതി മുന്‍പാകെ ഹാജരായി ഷൗക്കത്ത് വിശദീകരണവും കത്തും നല്‍കിയിരുന്നു. ആര്യാടന്‍ ഫൗണ്ടേഷന്‍ മുന്‍കൂട്ടി നിശ്ചയിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ വിഭാഗീയ പ്രവര്‍ത്തനം നടത്തിയ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയിക്കെതിരെയാണ് അച്ചടക്ക നടപടിയെടുക്കേണ്ടതെന്ന് ആവശ്യപ്പെട്ട് മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റും രാജ്യസഭാ എംപിയുമായിരുന്ന സി ഹരിദാസ്, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി വി.എ കരീം, മലപ്പുറം ഡിസിസി ഭാരവാഹികളായ 17 നേതാക്കള്‍ എന്നിവര്‍ അച്ചടക്കസമിതിയില്‍ ഹാജരായിരുന്നു.
പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടായതിനാല്‍ മലപ്പുറത്ത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുത്ത സംഘടനാ കണ്‍വെന്‍ഷനിലും ആര്യാടന്‍ ഷൗക്കത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആര്യാടന്‍ ഫൗണ്ടേഷന്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി അച്ചടക്ക ലംഘനമല്ലെന്നും കോണ്‍ഗ്രസ് നിലപാടനുസരിച്ചാണ് റാലി നടത്തിയതെന്നും വ്യക്തമാക്കി ഷൗക്കത്തിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ ഷൗക്കത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കണ്‍വെന്‍ഷന്‍ കഴിഞ്ഞ തൊട്ടടുത്ത ദിവസം അച്ചടക്കസമിതിയില്‍ ഹാജരാകാന്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയി അസൗകര്യം അറിയിച്ചതോടെ ഒരാഴ്ച സമയപരിധി നീട്ടി 13നാണ് ഇവരെ കേട്ടത്. ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണ്ടെന്നും താക്കീത് നല്‍കിയാല്‍ മതിയെന്നുമുള്ള അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരാഴ്ച മുന്‍പ് കെപിസിസിക്ക് കൈമാറിയിരുന്നു.
എന്നാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തലസ്ഥാനത്തെത്തിയില്ലെന്നു പറഞ്ഞ് ഇക്കാര്യത്തില്‍ തീരുമാനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇക്കാര്യത്തിലെ കടുത്ത അതൃപ്തി എ ഗ്രൂപ്പ് സംസ്ഥാന നേതൃത്വം കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചിട്ടുണ്ട്. റാലി കഴിഞ്ഞ് 24ന് കെ സുധാകരന്‍ തിരുവനന്തപുരത്തെത്തിയ ശേഷമായിരിക്കും ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്കസമിതി റിപ്പോര്‍ട്ടില്‍ തീരുമാനമുണ്ടാകുക.