KeralaNEWS

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി: ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു

    സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം.

1989ലാണ് ജസ്റ്റിസ് ഫാത്തിമ ബീവി സുപ്രീം കോടതി ജഡ്ജിയായി നിയമിതയായത്. ഉന്നത ജുഡീഷ്യറിയില്‍ എത്തുന്ന ആദ്യ മുസ്ലിം വനിത കൂടിയാണ്. സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി പ്രവര്‍ത്തിച്ചു. 1997 മുതല്‍ 2001 വരെ തമിഴ്‌നാട് ഗവര്‍ണര്‍ ആയിരുന്നു.

Signature-ad

കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിൽ ആദ്യ പുത്രിയായി 1927ല്‍ പത്തനംതിട്ടയിൽ ജനിച്ചു. പത്തനംതിട്ട,  തിരുവനന്തപുരം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്നാണ് ബിഎല്‍ ബിരുദം നേടിയത്.

തിരുവിതാംകൂറിൽ നിയമബിരുദം നേടിയ ആദ്യ മുസ്‌ലിം വനിത. മുൻസിഫായും മജിസ്‌ട്രേട്ടായും ജില്ലാ ജഡ്‌ജിയായും സേവനം അനുഷ്‌ഠിച്ചപ്പോഴും അതേ വിശേഷണം പിൻതുടർന്നു. പിന്നീട് രാജ്യത്തെ മുസ്‌ലിം വനിതകളിൽ നിന്നുള്ള പ്രഥമ ഹൈക്കോടതി ജഡ്‌ജി. സുപ്രീം കോടതിയിലെ ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യ വനിത. കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്‌ജി. ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ ജൂഡിഷ്യൽ അംഗമായി വന്ന ആദ്യ വനിത. ഗവർണറായപ്പോൾ, തമിഴ്നാട്ടിൽ ആ സ്ഥാനത്തെത്തുന്ന ആദ്യ വനിതയെന്ന സ്ഥാനവും ഫാത്തിമാ ബീവിക്ക് സ്വന്തം

1950ൽ പ്രശസ്ത അഭിഭാഷകൻ സി.പി.പരമേശ്വരൻ പിള്ളയുടെ ജൂനിയറായി അഭിഭാഷക ജോലിയിലേക്ക് പ്രവേശിച്ച ഫാത്തിമബീവി  ഔദ്യോഗിക രംഗത്ത് പടിപടിയായി ഉയർന്നു. 1958ൽ തൃശൂർ മുനിസിഫായി. കരുനാഗപ്പള്ളി, തിരുവനന്തപുരം, പുനലൂർ എന്നിവടങ്ങളിലും മുനിസിഫായിരുന്നു. 1968ൽ സബ് ജഡ്ജിയായി കോട്ടയത്ത് നിയമിതയായി. ’74ൽ തിരുവനന്തപുരം ജില്ലാ സെഷൻസ് ജഡ്ജിയായി. ’78ൽ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ അംഗം. 1983ൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതയായ ഫാത്തിമാ ബീവി, 1989 ഏപ്രിലിൽ ഹൈക്കോടതിയിൽ നിന്നും വിരമിച്ചു. 1989 നവംബറിൽ സുപ്രീം കോടതി ജഡ്ജിയായി. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗവുമായി.

1997 ജനുവരി 25നാണ് ഫാത്തിമാ ബീവി ഗവർണറായി തമിഴ്നാട്ടിൽ ചുമതലയേറ്റത്. 2001 മേയിൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ അണ്ണാഡിഎംകെ നേതാവ് ജയലളിതയെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചതോടെ ഫാത്തിമാ ബീവി വിവാദകേന്ദ്രമായി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത കൽപിക്കപ്പെട്ട ജയലളിതയെ മുഖ്യമന്ത്രിയാക്കിയതിൽ രാജ്യമെങ്ങും വിമർശനങ്ങൾ ഉയർന്നു. 2001 ജൂൺ 30ന് പുലർച്ചെ നാടകീയമായി മുൻ മുഖ്യമന്ത്രി കരുണാനിധിയും കേന്ദ്രമന്ത്രിമാരായ മുരശൊലിമാരനും ടി.ആർ.ബാലുവും ചെന്നൈയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഈ സംഭവത്തിൽ മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ച് കേന്ദ്രത്തിന് റിപ്പോർട്ടു നൽകിയ ഗവർണറുടെ നടപടിയും വിവാദമായി.

സംഭവത്തിൽ വസ്തുനിഷ്ഠമായ റിപ്പോർട്ട് നൽകിയില്ലെന്ന് ആരോപിച്ച് ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചതിനെത്തുടർന്ന് ഫാത്തിമാ ബീവി ഗവർണർ സ്ഥാനം രാജിവച്ചു.

കേരള സര്‍ക്കാര്‍ അടുത്തിടെ കേരളപ്രഭ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

Back to top button
error: