CrimeNEWS

19 വയസുകാരന്റെ കൊലപാതകത്തില്‍ 7 പേര്‍ പിടിയില്‍; തര്‍ക്കത്തിന് കാരണം കാമുകിയോട് സംസാരിക്കുമ്പോള്‍ കളിയാക്കിയത്

തിരുവനന്തപുരം: ചാല കരിമഠം കോളനിയില്‍ 19-കാരന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റിലായി. പ്രതികളായ കരിമഠം കോളനിയിലെ നിഥിന്‍ (ചിപ്പായി-18), കരിമഠം ടി.സി. 39/1550ല്‍ സുരേഷ് (കിട്ടു-38), ധനുഷ് (19) എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത നാലുപേരെയുമാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തത്. ഒരാളെ പിടികൂടാനുണ്ട്. ചൊവ്വാഴ്ചയാണ് കരിമഠം കോളനിയില്‍ സലീന-അലിയാര്‍ ദമ്പതിമാരുടെ മകന്‍ അര്‍ഷാദ് വെട്ടേറ്റ് മരിച്ചത്.

അര്‍ഷാദിന്റെ സുഹൃത്ത് വിവേകും പെണ്‍സുഹൃത്തും സംസാരിക്കുന്നതിനിടെ കളിയാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഒന്നാം പ്രതിയായ ധനുഷിന്റെ നേതൃത്വത്തില്‍ എട്ടംഗസംഘം കൊലപാതകം നടത്തുകയായിരുന്നുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കരിമഠം സ്വദേശികളായ എട്ടു പ്രതികള്‍ക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Signature-ad

കൊല്ലപ്പെട്ട അര്‍ഷാദിന്റെ മൃതദേഹം ബുധനാഴ്ച മണക്കാട് പള്ളിയില്‍ കബറടക്കി. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം കരിമഠത്തെ വീട്ടിലെത്തിച്ചത്. അയല്‍വാസികളും നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. സാരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അല്‍ അമീനും സഹോദരന്റെ സംസ്‌കാരത്തിനായെത്തി.

 

 

Back to top button
error: