പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നതിനിടെ ഉരുൾപൊട്ടലും. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പത്തനംതിട്ടയിൽ ഇന്നലെ രാത്രി മുതൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴഞ്ചേരി താലൂക്കിലെ ഇലന്തൂർ വില്ലേജ് നാലാം വാർഡിൽ കൊട്ട തട്ടിമലയിലും ചെന്നീർക്കരയിലുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്.ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് 11 കുടുംബങ്ങളെ ഇവിടങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു.
കോന്നി– കൊക്കാത്തോട് റോഡിന്‍റെ ഒരു ഭാഗം ഒലിച്ചു പോയതായും റിപ്പോര്‍ട്ടുണ്ട്. കൊക്കാത്തോട് മരം വീണ് ഒരുവീട് പൂര്‍ണമായും തകരുകയും നാലുവീടുകള്‍ക്ക് സാരമായ കേടുപാടുകളേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കലഞ്ഞൂർ വില്ലേജിന്‍റെ പരിധിയിലുള്ള കുറ്റുമൺ പ്രദേശത്ത് 7 വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും അയൽ വീട്ടിലേക്കും മാറ്റി പാർപ്പിച്ചു.
ആറന്മുളയിൽ ഒരാളെ തോട്ടിൽ വീണ് കാണാതായി. നാരങ്ങാനം വലിയകുളത്ത് സുധർമ്മ (71) എന്ന സ്ത്രീയെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായതായത്. നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും ചേർന്ന് ഇവരെ കണ്ടത്താനുള്ള തെരച്ചിൽ തുടരുകയാണ്.
പത്തനംതിട്ടയിൽ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.മല്ലപ്പള്ളി ക്ക് സമീപം കുന്നന്താനത്ത് മൂന്ന് മണിക്കൂറിനിടെ 117.4 മി.മീ മഴയാണ് പെയ്തിറങ്ങിയത്.
പത്തനംതിട്ട നഗരത്തിലെ റോഡുകളിലും കടകളിലും വെള്ളം കയറി. റാന്നി അരയാഞ്ഞിലിമൺ ക്രോസ് വേ വെള്ളത്തിൽ മുങ്ങി. പലയിടത്തും റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു.
ദുരന്ത സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും, വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളും വെള്ളിയാഴ്‌ച വരെ നിരോധിച്ച് ജില്ലാ കളക്‌ടർ എ ഷിബു ഉത്തരവിട്ടു. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി 7.00 മുതല്‍ രാവിലെ 6.00 വരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ് കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയുമാണ് നിരോധിച്ചിരിക്കുന്നത്.
ദുരന്ത നിവാരണം, ശബരിമല തീര്‍ത്ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ത്ഥാടകര്‍ക്കും ഈ നിരോധനം ബാധകമല്ല. എന്നാല്‍ ജില്ലയില്‍ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും ജില്ലാ കളക്‌ടർ അറിയിച്ചു.