കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ഫേസ്ബുക്ക് ലൈവിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഹാജരാകണമെന്ന് ഹൈക്കോടതി.
തളിപ്പറമ്ബ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തടഞ്ഞ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നീക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതിയില്‍നിന്ന് പിന്മാറാൻ വിജേഷ് പിള്ള എന്നയാള്‍ വഴി ഗോവിന്ദൻ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ബംഗളൂരുവില്‍വെച്ച് 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം.
മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങളില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതായും ഇവര്‍ ആരോപിച്ചു. ഇതിനെതിരെ സി.പി.എം തളിപ്പറമ്ബ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നല്കിയ പരാതിയിലാണ് സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ കേസെടുത്തത്.