തിരുവനന്തപുരം: ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് തിരുവന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയില്‍ വെള്ളം കയറി.ചുള്ളിമാനൂര്‍ മുതല്‍ പാലോട് വരെയാണ് വെള്ളം കയറിയിരിക്കുന്നത്.
മണിക്കൂറുകളോളം മഴ നിര്‍ത്താതെ പെയ്യുകയായിരുന്നെന്നും പല ഭാഗങ്ങളിലും വെള്ളം കയറിയതായും പ്രദേശവാസികള്‍ പറഞ്ഞു. ഇളവട്ടം- തുറുപ്പുഴ മേഖലയിലെ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളില്‍ മുമ്ബും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു വെള്ളക്കെട്ട് ആദ്യമായാണ് രൂപപ്പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെടുകയും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു.
ശബരിമല സന്നിധാനമുൾപ്പടെ പത്തനംതിട്ടയിലും ശക്തമായ മഴയാണ് ലഭിച്ചത്. വൈകിട്ട് തുടങ്ങിയ മഴ രാത്രി വരെയും നീണ്ടു.റാന്നി ഉൾപ്പെടെ ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴയാണ് ലഭിച്ചത്.
അതേസമയം കന്യാകുമാരി മേഖലയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.