KeralaNEWS

സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ നല്‍കി, ബാക്കി ഉടൻ നൽകിയില്ലെങ്കിൽ വീണ്ടും സമരം

ഇടുക്കി: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കി. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് വീട്ടില്‍ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് പെന്‍ഷന്‍ കൈമാറിയത്. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. നാല് മാസത്തെ പെൻഷൻ വേഗത്തിൽ നൽകിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന് മറിയക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. അതിനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കരുതെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.

മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങിയത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷ യാചിച്ചത്. ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവാ പെൻഷനാണ്. അഞ്ച് മാസത്തെ പെൻഷനായിരുന്നു മറിയക്കുട്ടിക്ക് നൽകാൻ ഉണ്ടായിരുന്നത്. ഇതില്‍ ഇപ്പോള്‍ ഒരു മാസത്തെ പെൻഷന്‍ തുകയാണ് അനുവദിച്ച് നല്‍കിയിരിക്കുന്നത്.

Signature-ad

ഇതിനിടെ, സിപിഎം പ്രവർത്തകർ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി മറിയക്കുട്ടി രംഗത്തെത്തിയിരുന്നു. സിപിഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും തനിക്ക് ഭൂമിയുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഇവർ പറഞ്ഞു. ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ സിപിഎം തയ്യാറാകണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞിരുന്നു. വ്യാജ ആരോപണത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് മറിയക്കുട്ടിയിപ്പോള്‍.

Back to top button
error: