TechTRENDING

ഇന്ത്യൻ മണ്ണിൽ നിന്നാദ്യമായി ഒരു റോക്കറ്റ് കുതിച്ചുയ‌ർന്നിട്ട് ഇന്ന് 60 വ‍ർഷം; തുമ്പയെന്ന ചെറുഗ്രാമത്തിൽ നിന്ന് തുടങ്ങിയ കുതിപ്പ് ഇന്ന് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ എത്തി നിൽക്കുന്നു

തിരുവനന്തപുരം: ഇന്ത്യൻ മണ്ണിൽ നിന്നാദ്യമായി ഒരു റോക്കറ്റ് കുതിച്ചുയ‌ർന്നിട്ട് ഇന്ന് 60 വ‍ർഷം തികയുകയാണ്. തുമ്പയെന്ന ചെറുഗ്രാമത്തിൽ നിന്ന് തുടങ്ങിയ കുതിപ്പ് ഇന്ന് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ എത്തി നിൽക്കുന്നു. 1963 നവംബ‍‌‌ർ 21ന് വൈകീട്ട് തിരുവനന്തപുരത്തിന്‍റെ ആകാശത്ത് ഓറഞ്ച് നിറത്തിലുള്ളൊരു മേഘം പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ മണ്ണിൽ നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്‍റെ ബാക്കിപത്രമായിരുന്നു അത്. അന്ന് ഉപയോഗിച്ച റോക്കറ്റിന്‍റെ പേര് നൈക്ക് അപ്പാച്ചെ, തന്നത് അമേരിക്ക. ഓറഞ്ച് നിറം പട‌ർത്തിയ സോഡിയം വേപ്പ‍ർ പേ ലോഡ് ഫ്രാൻസിൽ നിന്നായിരുന്നു. അന്ന് ശാസ്ത്രജ്ഞ‌ർ ഉപയോഗിച്ച ഹെലികോപ്റ്റ‌ർ സംഭാവന ചെയ്തത് സോവിയറ്റ് യൂണിയനും.

റോക്കറ്റ് തയ്യാറാക്കിയതും വിക്ഷേപിച്ചതും ഐഎസ്ആര്‍ഒയുടെ മുൻഗാമി ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച്. എച്ച്.ജി.എസ്.മൂർത്തി, പി പി കാലെ, എ എസ് റാവു, ഈശ്വ‌ർദാസ്, എ.പി.ജെ അബ്ദുൾകലാം… ആദ്യ വിക്ഷേപണത്തിന്‍റെ അണിയറയിലെ പേരുകൾ അങ്ങനെ നീളുന്നു. പക്ഷേ ആ വിക്ഷേപണം സാധ്യമാക്കിത് ഡോ. ഹോമി ജെ ഭാഭ, വിക്രം സാരാഭായ് എന്നീ അസാധ്യ മനുഷ്യരായിരുന്നു. പിന്നെയാ സ്വപ്നത്തിന് പിന്നിൽ ഉറച്ച് നിന്ന ജവഹർലാൽ നെഹ്റു എന്ന പ്രധാനമന്ത്രിയും.

രാജ്യത്തിന്‍റെ പുരോഗതിക്ക് ബഹിരാകാശ ശക്തി അനിവാര്യമെന്ന് തിരിച്ചറിഞ്ഞവ‍ർ. പിന്നീട് ഐഎസ്ആ‍ർഒ ആയി മാറിയ സംവിധാനത്തിന് തറക്കല്ലിട്ടവ‍ർ. നാസയിൽ നിന്നും സിഎൻഇഎസിൽ നിന്നും സിസിസിപിയിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയിൽ നിന്നും ഇന്ത്യൻ സ്വപ്നങ്ങൾക്ക് സഹായമെത്തിച്ചവ‍ർ. ഇവ‍‍‌രില്ലായിരുന്നുവെങ്കിൽ ഇന്ത്യൻ ബഹിരാകാശ പദ്ധതിക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്നറിയാൻ അയൽപക്കത്ത് പാകിസ്ഥാനിലേക്കും അവരുടെ സുപാ‌‌‌‌ർകോയിലേക്കും നോക്കിയാൽ മാത്രം മതി.

ഭൂമിയുടെ കാന്തിക മണ്ഡലത്തോട് അടുത്ത് കിടക്കുന്ന തുമ്പയിൽ നിന്നും വിക്ഷേപണങ്ങൾ പിന്നെയും ഏറെ നടന്നു സോഡിയത്തിന് പകരം ബേരിയവും ലിഥിയവും ഒക്കെ പ്രയോഗിക്കപ്പെട്ടു. ചുവപ്പും പച്ചയും നീലയുമൊക്കെ ആകാശത്ത് തെളിഞ്ഞു. ഈ കാഴ്ചകൾ കാണാൻ നിയമസഭ നിർത്തിവച്ച് സാമാജികൾ പുറത്തിറങ്ങി നിൽക്കുമായിരുന്നുവെന്ന് ആദ്യ കാല ഇസ്രൊ ശാസ്ത്രജ്ഞൻ ആ‍‌ർ അറവമുദൻ പിന്നീട് എഴുതിയിട്ടുണ്ട്.

വിദേശി സൗണ്ടിംഗ് റോക്കറ്റുകളിൽ നിന്ന് പഠിച്ച പാഠങ്ങളിലൂടെ സ്വദേശിയായ രോഹിണി സീരീസ് പിറന്നു. രോഹിണിയിൽ നിന്നുള്ള പാഠങ്ങളിലൂടെ എസ്എൽവി എന്ന ആദ്യ ഇന്ത്യൻ വിക്ഷേപണ വാഹനം. പിന്നെ എഎസ്എൽവിയും കടന്ന് പിഎസ്എൽവി, ജിഎസ്എൽവി, എൽവിം 3 റോക്കറ്റുകൾ വലുതായി. സംവിധാനങ്ങൾ വിപുലമായി. ഇന്ത്യൻ മുദ്ര ചന്ദ്രൻ വരെയെത്തി.

പള്ളിത്തുറയെന്ന തുമ്പയിൽ നിന്ന് വെറുമൊരു സൗണ്ടിംഗ് റോക്കറ്റിൽ തുടങ്ങിയ യാത്രയുടെ കഥ പറയുമ്പോൾ മറ്റ് ചിലരെക്കൂടി ഓ‍ർക്കാതെ വയ്യ. ശാസ്ത്രത്തിനും രാജ്യത്തിനുമായി പള്ളിയും നാടും വീടും വിട്ടുകൊടുത്ത മനുഷ്യർ. തുമ്പയിലെ ആ മനുഷ്യരുടെ കൂടി കരുത്തിലാണ് ഇന്ത്യ ചന്ദ്രനെ തൊട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: