KeralaNEWS

‘റോബിന്‍ മോഡലില്‍’ ശബരിമല യാത്രയ്ക്ക് പ്രൈവറ്റ് ബസുകള്‍; പരിശോധന കടുപ്പിക്കാന്‍ എം.വി.ഡി.

കൊച്ചി: അഖിലേന്ത്യ പെര്‍മിറ്റില്‍ റോബിന്‍ ബസിന്റെ മാതൃകയില്‍ ബസ്സുടമകള്‍ ശബരിമലയ്ക്കും സര്‍വീസ് പ്രഖ്യാപിച്ചതോടെ സമാന്തര സര്‍വീസുകള്‍ക്കെതിരേ സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നു. നിലവില്‍ കെ.എസ്.ആര്‍.ടി.സി. മാത്രമാണ് പമ്പയിലേക്ക് റൂട്ട് ബസായി ഓടുന്നത്. അന്തര്‍സ്സംസ്ഥാന പാതകളിലെ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പിഴ ചുമത്തിയിരുന്നു.

റൂട്ട് സര്‍വീസ് ബസുകള്‍ക്കുള്ള പെര്‍മിറ്റ് സംവിധാനം ലംഘിക്കുംവിധം ഓള്‍ ഇന്ത്യ പെര്‍മിറ്റ് ടൂറിസ്റ്റ് ബസുകള്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്കാണ് ഓള്‍ ഇന്ത്യ പെര്‍മിറ്റ് നല്‍കുന്നത്. ഇവ റൂട്ട് ബസായി (സ്റ്റേജ് കാര്യേജ്) ഉപയോഗിക്കാന്‍ കഴിയില്ല. ഓള്‍ ഇന്ത്യ പെര്‍മിറ്റ് വ്യവസ്ഥയെ ദുര്‍വ്യാഖ്യാനം ചെയ്താണ് റോബിന്‍ ബസ് ഓടിക്കാന്‍ ശ്രമിച്ചതെന്നും കെ.എസ്.ആര്‍.ടി.സി. ആരോപിക്കുന്നു.

Signature-ad

മോട്ടോര്‍ വാഹന നിയമ(1988)ത്തിലെ വകുപ്പ് 88(9)ന്റെ പരിധിയിലാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുമായി ബന്ധപ്പെട്ട വ്യവസ്ഥകളുള്ളത്. ഇതില്‍ 2(ഡി)-യില്‍ ടൂറിസ്റ്റ് വാഹനം കോണ്‍ട്രാക്ട് കാര്യേജ് വാഹനമാണെന്നും സ്റ്റേജ് കാര്യേജ് അല്ലെന്നും വ്യക്തമാക്കുന്നതായി കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നു. ഓള്‍ ഇന്ത്യ പെര്‍മിറ്റുകള്‍ വിനോദസഞ്ചാരികള്‍ക്കു മാത്രമായുള്ള കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റുകളാണ്.

ഇവ റൂട്ട് ബസുകളെപ്പോലെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന കര്‍ണാടക ഹൈക്കോടതിവിധിയും കെ.എസ്.ആര്‍.ടി.സി. ചൂണ്ടിക്കാട്ടുന്നു. കോണ്‍ട്രാക്ട് കാര്യേജാണെങ്കിലും ഓള്‍ ഇന്ത്യ പെര്‍മിറ്റിന് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് സ്വകാര്യ ബസ്സുടമകളുടെ വാദം. 2023 ഏപ്രില്‍ 18-ലെ വിജ്ഞാപനപ്രകാരം കേന്ദ്ര മോട്ടോര്‍വാഹനനിയമത്തിലെ 82 മുതല്‍ 85-എ വരെയുള്ള വകഭേദങ്ങള്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റിന് ബാധകമല്ലെന്ന് അവര്‍ പറയുന്നു.

Back to top button
error: