NEWSSports

ലോകകപ്പില്‍ ഏറ്റവും മികച്ച താരമായി വിരാട് കോഹ്‍ലി; 11 മത്സരങ്ങളില്‍നിന്നായി 765 റണ്‍സ്; മൂന്നു സെഞ്ച്വറികള്‍ ആറു അര്‍ധ സെഞ്ച്വറികള്‍

അഹമ്മദാബാദ്: ലോകകപ്പില്‍ ഏറ്റവും മികച്ച താരമായി  വിരാട് കോഹ്‍ലി. ടൂര്‍ണമെന്റില്‍ ഉടനീളം ഗംഭീര ഫോമിലായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ തകര്‍പ്പൻ ബാറ്റിങ്ങാണ് ആതിഥേയരെ കലാശക്കളിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

ഈ മികവിനാണ് െപ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരം കോഹ്‍ലിയെ തേടിയെത്തിയത്. 11 മത്സരങ്ങളില്‍നിന്നായി 765 റണ്‍സാണ് ‘കിങ് കോഹ്‍ലി’ അടിച്ചുകൂട്ടിയത്. ഉജ്ജ്വല ഫോമിലുള്ള ഇന്ത്യൻ താരം മൂന്നു സെഞ്ച്വറികളും ആറു അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് ഈ ലോകകപ്പില്‍ ഇത്രയും റണ്‍സ് അടിച്ചെടുത്തത്.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡും ക്രീസിലെ ഈ പടയോട്ടത്തിനിടയില്‍ കോഹ്‍ലി സ്വന്തമാക്കി. 95.65 ശരാശരിയിലാണ് 765 റണ്‍സ് വാരിക്കൂട്ടിയത്. 90.3 സ്ട്രൈക്ക് റേറ്റിലാണിത്. ഫൈനലില്‍ ആസ്ട്രേലിയക്കെതിരെ ബാറ്റിങ് ദുഷ്‍കരമായ ട്രാക്കില്‍ 63 പന്തിലായിരുന്നു അര്‍ധശതകം.

Signature-ad

ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ഏകദിനത്തില്‍ 50 സെഞ്ച്വറി തികക്കുന്ന ആദ്യ കളിക്കാരനായി കോഹ്‍ലി ചരിത്രത്തില്‍ ഇടംനേടിയത് ഈ ലോകകപ്പ് കാലത്താണ്. എങ്കിലും, തകര്‍പ്പൻ ഫോമിലായിരുന്ന ടീം കിരീടത്തിന് തൊട്ടരികെ കലാശപ്പോരില്‍ പരാജയപ്പെടുകയായിരുന്നു.

Back to top button
error: