KeralaNEWS

രണ്ട് വയസ്സുള്ള കുഞ്ഞിനൊപ്പം ഒളിച്ചോടി 26കാരി, ഒടുവിൽ 18 ദിവസത്തിനു ശേഷം ഉത്തരാഖണ്ഡിൽ കാമുകനൊപ്പം കണ്ടെത്തി

    തൃശൂർ എരുമപ്പെട്ടി വേലൂര്‍ സ്വദേശിയായ 26കാരി യുവതിയേയും രണ്ട് വയസ് പ്രായമുള്ള കുഞ്ഞിനേയും കാണാതായത് 3 ആഴ്ച മുമ്പാണ്. ഒടുവിൽ കാമുകനൊപ്പം നാടുവിട്ട യുവതിയെയും കുഞ്ഞിനെയും ഉത്തരാഖണ്ഡിലെ രുദ്രപൂരില്‍ നിന്ന് കണ്ടെത്തി. ഭർത്താവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.

വേലൂര്‍ സ്വദേശി സനുവിന്റെ ഭാര്യ കാവ്യയേയും മകളായ വൃദ്ധിയേയുമാണ് നവംബർ ഒന്നിന് കാണാതായത്. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷിക്കുന്നതിനിടെ യുവതി അരുൺ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു എന്ന് കണ്ടെത്തി. തുടർന്ന് അരുണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും കണ്ടെത്തിയത്.

യുവതിയെ കാണാതായ ദിവസം  ഒരു കാറില്‍ കുട്ടിയേയും എടുത്ത്  കാവ്യ കയറിപ്പോയതായും പൊലീസിന് വിവരം ലഭിച്ചു.  അരുണിനേയും ഒന്നാം തീയതി മുതല്‍ കാണാതായതായി പൊലീസിന് വിവരം ലഭിച്ചു. അരുണിന്റെ ഫോണ്‍ കാള്‍ ഡീറ്റെയില്‍സ് നോക്കിയതില്‍ ഒന്നാം തീയതി ഇയാളുടെ ലോക്കേഷന്‍ പാലക്കാടാണെന്ന്  മനസിലായി. തുടര്‍ന്ന്  ഫോണ് സ്വിച്ച് ഓഫ് ആയതായും കണ്ടെത്തി. പട്ടിക്കാട് ബ്യൂട്ടിപാര്‍ലര്‍ നടത്തിവന്നിരുന്ന അരുണ്‍ കൂടെ ജോലിചെയ്യുന്ന യു.പി. സ്വദേശിയായ തസ്ലീം അലിയുടെ കൂടെ പാലക്കാടുണ്ടെന്ന് വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തില്‍ പൊലീസ് അവിടേക്കെത്തി. എന്നാൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പ് ഇവര്‍ യുപിയിലേക്ക് കടന്നു. തുടര്‍ന്ന് എസ്.പി. അങ്കിത്ത്  അശോകിന്റെ നിര്‍ദേശപ്രകാരം എരുമപ്പെട്ടി പൊലീസ് ഗ്രേഡ് എസ്.ഐ. ഓമനയുടെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഷഹാബുദ്ദീന്‍, സഗുണ്‍ എന്നിവരടങ്ങുന്ന സംഘം  യു.പിയിലെ രാംപൂരിലെത്തി.

രാംപൂര്‍ പൊലീസിന്റെ സഹായത്തോടെ തസ്ലീം അലിയുടെ വീട്ടിലെത്തി അന്വേഷിച്ചതില്‍ യുവതിയും കുട്ടിയും അരുണും അവിടെ ചെന്നിരുന്നതായി വിവരം ലഭിച്ചു. എന്നാൽ ഇവർ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് പോയതായി  മനസിലായി. തുടര്‍ന്ന് തൃശൂര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ മീന്‍ മാര്‍ക്കറ്റിനടുത്തുള്ള ഒരു വാടകവീട്ടില്‍ നിന്നും യുവതിയെയും കുട്ടിയെയും കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: