KeralaNEWS

കൊല്ലങ്കോട് മേഖലയില്‍ സോളാര്‍ തൂക്കുവേലിക്ക് നബാര്‍ഡിന്റെ 70 ലക്ഷം

പാലക്കാട്:കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ തടയാൻ കൊല്ലങ്കോട് വനാതിര്‍ത്തിയില്‍ സോളാര്‍ തൂക്കുവേലി സ്ഥാപിക്കുന്നു. നബാര്‍ഡിന്റെ 70 ലക്ഷം ചെലവിട്ടുള്ള ഒമ്ബത് സോളാര്‍ തൂക്കുവേലി നിര്‍മ്മാണത്തിനാണ് തുടക്കമായത്.

മുതലമട സുക്കിരിയാല്‍ മുതല്‍ മാത്തൂര്‍ വരെയും എലവഞ്ചേരി പന്നിക്കോല്‍ മുതല്‍ കൊളുമ്ബ് വരെയും 4.5 കിലോമീറ്റര്‍ വീതം തൂക്കുവേലി നിര്‍മ്മിക്കുന്നതിന് 35 ലക്ഷം വീതമാണ് അനുവദിച്ചത്. മുതലമട, എലവഞ്ചേരി പഞ്ചായത്തുകളിലായി ആകെ ഒമ്ബത് കിലോമീറ്റര്‍ ദൂരമാണ് സോളാര്‍ തൂക്കുവേലി വരിക. ഇതിനായി കാലുകള്‍ സ്ഥാപിക്കുന്ന പണി ആരംഭിച്ചു.

Signature-ad

മുതലമട പഞ്ചായത്തിലെ സുക്കിരിയാല്‍ മുതല്‍ മാത്തൂര്‍ വരെ തുടര്‍ച്ചയായി കാട്ടാനയിറങ്ങുന്നത് കര്‍ഷകര്‍ക്കും വനംവകുപ്പിനും ഒരുപോലെ തലവേദനയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകളെത്തി വ്യാപക വിളനാശമാണ് ഉണ്ടാക്കിയത്.

നെല്ലിയാമ്ബതി താഴ്‌വാരത്തില്‍ എലവഞ്ചേരി പോക്കാമട മുതല്‍ ചെമ്മണാമ്ബതിയിലെ തമിഴ്നാട് അതിര്‍ത്തി പ്രദേശം വരെയായി ഇരുപതോളം ആനകള്‍ ഒറ്റയ്ക്കും കൂട്ടമായും കാടിറങ്ങുന്നത് കര്‍ഷകര്‍ക്ക് വെല്ലുവിളിയാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് വനാതിര്‍ത്തിയിൽ സോളാര്‍ തൂക്കുവേലി സ്ഥാപിക്കുന്നത്.

Back to top button
error: