പത്തനംതിട്ട: അരവണ പ്രശ്നത്തില്‍ ആകെ കണ്‍ഫ്യൂഷന്‍. തള്ളാനും കൊള്ളാനും കഴിയാത്ത സ്ഥിതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മാന്യമായി നിര്‍മ്മിച്ച അരവണയില്‍ കീടനാശിനി ഉണ്ടെന്ന പ്രചാരണത്തില്‍ ഉണ്ടായ മാനക്കേട്, നിര്‍മ്മാണ ചെലവില്‍ ഉണ്ടായ ആറര കോടിയുടെ നഷ്ട്ടം, ഇനി ഇത് നശിപ്പിക്കണമെങ്കില്‍ വീണ്ടും പണ ചെലവ്, ഇപ്പോള്‍ പുതുതായി നിര്‍മ്മിക്കുന്ന അരവണ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിന്റെ ബുദ്ധിമുട്ട്. ഇങ്ങനെ സര്‍വത്ര പ്രശ്‌നങ്ങളിലാണ് ശബരിമലയിലെ ഏറ്റവും വിശിഷ്ടമായ അരവണ പ്രസാദം.
ശബരിമലയില്‍ കോടതി നിര്‍ദേശ പ്രകാരം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ആറര ലക്ഷം ടിന്നുകളിലുള്ള അരവണ എന്തും ചെയ്യാന്‍ അനുമതിയുണ്ട്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ഒറ്റക്ക് വിചാരിച്ചാല്‍ ഒന്നും നടക്കില്ല. കാരണം മണ്ഡല മകര വിളക്ക് സീസണ്‍ ആരംഭിച്ചു. അരവണ നശിപ്പിക്കാന്‍ സ്ഥലമില്ലാത്ത സ്ഥിതി, വലിയ പണ ചെലവ് ഇങ്ങനെ പോകുന്നു അരവണക്കാര്യം.
അരവണ എങ്ങനെ നശിപ്പിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ നടത്തിയ ചര്‍ച്ചകളില്‍ ഒന്നും തീരുമാനം ഉണ്ടായില്ല. അവസാനം സെക്രട്ടറിതലത്തില്‍ വിളിച്ചയോഗം തീരുമാനമാകാതെ പിരിയുകയും ചെയ്തു. കെ അനന്തഗോപന്‍ പ്രസിഡണ്ട് സ്ഥാനം ഒഴിയുന്നതിന് മുന്‍പ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ചാണ് ചീഫ് സെക്രട്ടറി വി വേണുവിന്റെ നിര്‍ദേശപ്രകാരം ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി, ദേവസ്വം കമ്മിഷണര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്-വനംവകുപ്പ് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം വിളിച്ചത്.
നിലയ്ക്കലില്‍ കുഴി എടുത്ത് സംസ്‌കരിക്കുന്നത് പരിഗണിക്കാമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഏതാനും വളം നിര്‍മ്മാണ കമ്പനികള്‍ ഇത് ഏറ്റെടുക്കാമെന്ന നിര്‍ദേശം വച്ചിരുന്നതായും അറിയിച്ചു. ഇതില്‍ നിരവധിയായ ആചാര പ്രശ്‌നനങ്ങളും, നിയമ പ്രശനങ്ങളും ഉണ്ടാകുമെന്ന അഭിപ്രായവും ഉണ്ടായി. ഇതോടെ കൂടുതല്‍ ആലോചിക്കാമെന്ന നിര്‍ദേശം വന്നതോടെ യോഗം പിരിഞ്ഞു. അരവണ സ്റ്റോറില്‍ തുടരുകയും ചെയുന്നു. പ്രസാദമായതിനാല്‍ സാധാരണ മാലിന്യപ്ലാന്റിലേക്ക് മാറ്റുന്നത് എതിര്‍പ്പിന് കാരണമാകും എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.