NEWSWorld

‘ഉലകഅഴകി’യാകാന്‍ ഇന്ത്യയില്‍ നിന്നുമൊരു സുന്ദരി; ശ്വേത ശാര്‍ദ ചൂടുമോ കിരീടം?

ഴുപത്തിരണ്ടാമത് മിസ് യൂണിവേഴ്സ് മത്സര വിജയിയെ നവംബര്‍ 18 ന് (ഇന്ത്യന്‍ സമയം നവംബര്‍ 19 ന് രാവിലെ) മധ്യഅമേരിക്കന്‍ രാജ്യമായ
എല്‍ സാല്‍വഡോറില്‍ പ്രഖ്യാപിക്കുമ്പോള്‍ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് ശ്വേത ശാര്‍ദ എന്ന 23 വയസുകാരിയിലേയ്ക്ക്. ഇത്തവണ മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഛണ്ഡീഗഡ് സ്വദേശിയായ ശ്വേത ശാര്‍ദയാണ്. മിസ് ഇന്ത്യ യൂണിവേഴ്സ് 2023 ആയി തിരഞ്ഞെടുക്കപ്പെട്ട ശ്വേതയ്ക്ക് വിശ്വസുന്ദരിപ്പട്ടത്തില്‍ കുറഞ്ഞ് മറ്റൊന്നും മനസിലില്ല.

ശ്വേത ഛണ്ഡീഗഡ് സ്വദേശിയാണെങ്കിലും പതിനാറാമത്തെ വയസില്‍ തന്റെ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് മുംബൈയിലെത്തിയതാണ്. നിരവധി ഇന്ത്യന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുള്ള ശ്വേത ഒരു മികച്ച നര്‍ത്തകിയും കൊറിയോഗ്രാഫറും മോഡലും കൂടിയാണ്.

Signature-ad

നിശ്ചയദാര്‍ഢ്യത്തിന്റെ യഥാര്‍ത്ഥ രൂപമാണ് ശ്വേത എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. നൃത്തം ഒരു കരിയര്‍ ആക്കാന്‍ ആഗ്രഹിച്ച തനിക്ക് പിതാവിന്റെ യാതൊരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് ശ്വേത തന്നെ വോയിസ് ഫോര്‍ ചേഞ്ച് എന്ന വീഡിയോയിലൂടെ പറഞ്ഞിട്ടുണ്ട്. അമ്മ ഒറ്റയ്ക്കാണ് ശ്വേതയെ വളര്‍ത്തിയതത്രെ. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി ആരെന്നുള്ള ചോദ്യത്തിന് തന്റെ അമ്മ തന്നെയാണതെന്ന് ശ്വേത പറയുമ്പോള്‍ അഭിമാനവും ആത്മധൈര്യവും ശ്വേതയുടെ വാക്കുകളിലുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് തന്റെ അഭിലാഷങ്ങളുടെ പുറകെ കുതിക്കാന്‍ ശ്വേതയെ പ്രേരിപ്പിച്ചത് അവളുടെ അമ്മ തന്നെയാണ്.

നൃത്താധിഷ്ഠിത റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യമായി ശ്വേത ഷാര്‍ദ മറ്റൊരു പ്രശസ്ത ഡാന്‍സ് റിയാലിറ്റി ഷോയുടെ കൊറിയോഗ്രാഫര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ മാത്രം കണ്ടുപരിചയമുണ്ടായിരുന്ന ദീപിക പദുക്കോണ്‍, സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, മൗനി റോയ്, വൈഭവി മര്‍ച്ചന്റ്, ദിവ്യ മാധുരി ദീക്ഷിത് തുടങ്ങിയവരോടൊപ്പം ജോലിചെയ്യാനും നൃത്തം പഠിപ്പിക്കാനും സാധിച്ചതാണ് തന്റെ ജീവിതത്തിലെ അഭിമാന നിമിഷം എന്ന് ശ്വേത പറയുന്നു. സൗന്ദര്യ റാണിമാരില്‍ തന്നെ ഏറ്റവും സ്വാധീനിച്ചതും താന്‍ ആരാധിക്കുന്നതും സുസ്മിത സെന്‍ ആണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

ഇന്ന് സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാനാണ് ശ്വേത ആഗ്രഹിക്കുന്നത്. പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി മെച്ചപ്പെട്ട വിദ്യാഭ്യാസവും തുല്യ അവസരങ്ങളും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായും ശ്വേത പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതത്തിലെ ഒരാഗ്രഹം സഫലമാക്കാന്‍ അവസരം ലഭിച്ചാല്‍ അമ്മയ്ക്കായി സ്വന്തം നാട്ടില്‍ ഒരു വീട് സമ്മാനിക്കുകയാകും അതെന്ന് പറഞ്ഞ ശ്വേത, തന്റെ ആഗ്രഹം ഉടന്‍ സാധ്യമാകുമെന്നും പ്രത്യാശ പ്രകടിപ്പിക്കുന്നു.

 

Back to top button
error: