KeralaNEWS

റോബിന്‍ ഹീറോയാടാ ഹീറോ; എം.വി.ഡി. തടയുമ്പോള്‍ മാലയിട്ട് സ്വീകരിച്ച് നാട്ടുകാര്‍

പത്തനംതിട്ട: ഓള്‍ ഇന്ത്യ പെര്‍മിറ്റുമായി പത്തനംതിട്ട – കോയമ്പത്തൂര്‍ സര്‍വീസ് പുനരാരംഭിച്ച റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പലയിടങ്ങളിലായി തടയുന്നതിനിടെ സ്വീകരണമൊരുക്കി നാട്ടുകാരും വാഹനപ്രേമികളും. കോയമ്പത്തൂരിലേക്ക് പുറപ്പെടാനായി പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ എത്തിയ ബസിനെ വാഹനപ്രേമികള്‍ ചേര്‍ന്ന് മാലയിട്ട് വരവേറ്റു. പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ട ബസിന് കാഞ്ഞിരപ്പള്ളി, പാലാ, കൊല്ലപ്പിള്ളി, കാലടി തുടങ്ങിയ വിവിധയിടങ്ങളില്‍ സ്വീകരണം ലഭിച്ചു. നിലവില്‍ ബസ് അങ്കമാലി പിന്നിട്ടു.

അതിനിടെ, പത്തനംതിട്ട സ്റ്റാന്‍ഡില്‍നിന്ന് ഇറങ്ങി 250 മീറ്റര്‍ പിന്നിട്ടതിനു പിന്നാലെ ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പരിശോധനയ്ക്ക് ശേഷം പെര്‍മിറ്റ് ലംഘനം ആരോപിച്ച് 7,500 രൂപ പിഴ ചുമത്തി. ബസ് കസ്റ്റഡിയിലെടുക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാല്‍ പരിശോധന പൂര്‍ത്തിയാക്കി റോബിന്‍ ബസിന് യാത്ര തുടരാനായി. തുടര്‍ന്ന് ബസ് പാലാ ഇടപ്പാടിയില്‍ എത്തിയപ്പോഴും മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ ഉദ്യോഗസ്ഥര്‍ പരിശോധന അവസാനിപ്പിച്ച് ബസ് വിട്ടുകൊടുത്തു.

Signature-ad

ബസുടമ പാലാ ഇടമറുക് സ്വദേശി ബേബി ഗിരീഷും കോയമ്പത്തൂര്‍ യാത്രയുടെ ഭാഗമാകുന്നുണ്ട്. ഓള്‍ ഇന്ത്യ പെര്‍മിറ്റുമായി ഓടാന്‍ കഴിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത് അവരുടെ അറിവില്ലായ്മ മൂലമാണെന്നാണ് ബേബി ഗിരീഷിന്റെ പ്രതികരണം. സാധാരണക്കാരന് കോടതി മാത്രമേ ആശ്രയമുള്ളൂവെന്നും എന്നാല്‍ മുടിയും തമ്പീ എന്ന് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് നേടി തെളിയിച്ചു കാണിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഓള്‍ ഇന്ത്യ പെര്‍മിറ്റുമായി പത്തനംതിട്ട – കോയമ്പത്തൂര്‍ സര്‍വീസ് ആരംഭിച്ച റോബിന്‍ ബസ് മുന്‍പ് രണ്ടു തവണ മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞിരുന്നു. രണ്ടാം തവണ കസ്റ്റഡിയിലെടുത്ത ബസ് മൂന്നാഴ്ചയ്ക്ക് ശേഷം കോടതി ഉത്തരവിലൂടെയാണ് വിട്ടുകിട്ടിയത്. തുടര്‍ന്നാണ് പത്തനംതിട്ട – കോയമ്പത്തൂര്‍ സര്‍വീസ് പുനരാരംഭിച്ചത്. നിലവില്‍ ഹൈക്കോടതിയുടെ ഉത്തരവ് നേടിയാണ് റോബിന്‍ ബസ് സര്‍വീസ് നടത്തുന്നത്. മോട്ടോര്‍ വാഹന വകുപ്പിന് ബസ് പരിശോധിക്കാമെങ്കിലും കസ്റ്റഡിയിലെടുക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

 

Back to top button
error: