കൃഷി ഇങ്ങനെ
കുങ്കുമപ്പൂവിന്റെ കൃഷിയില്‍ കാലാവസ്ഥയേക്കാള്‍ പ്രാധാന്യം മണ്ണിന്റെ പ്രത്യേകതയ്ക്കാണ്. ഉപോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് ഈ ചെടി തഴച്ചുവളരുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തില്‍ വളരും. 12 മണിക്കൂര്‍ സൂര്യപ്രകാശം ആവശ്യമാണ്. കുറഞ്ഞ താപനിലയും ഉയര്‍ന്ന ആര്‍ദ്രതയും പൂക്കളുണ്ടാകുന്നതിനെ കാര്യമായി ബാധിക്കും. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. പി.എച്ച് മൂല്യം 6 നും 8 നും ഇടയിലായിരിക്കണം. കളിമണ്ണ് പോലുള്ളവ ഒഴിവാക്കണം.
കിഴങ്ങാണ് നടാനുപയോഗിക്കുന്നത്. കിഴങ്ങുകള്‍ക്ക് ഉരുണ്ട ആകൃതിയും നീണ്ട നാരുകളും ഉണ്ടായിരിക്കും.കളകള്‍ പറിച്ചുമാറ്റി ജൈവവളം കൊണ്ട് സമ്പുഷ്ടമാക്കിയ മണ്ണിലാണ് ഈ ചെടി നടുന്നത്. കൃഷി ചെയ്യാനുള്ള അനുയോജ്യമായ സമയം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഒക്ടോബര്‍ മാസത്തില്‍ പൂക്കളുണ്ടാകാന്‍ തുടങ്ങുകയും ചെയ്യും.
12 മുതല്‍ 15 വരെ സെ.മീ ആഴത്തിലാണ് കിഴങ്ങുകള്‍ നടുന്നത്. ഓരോ ചെടിയും തമ്മില്‍ 12 സെ.മീ അകലമുണ്ടായിരിക്കണം.കിഴങ്ങ് നട്ടാൽ 30 മുതൽ 50 ദിവസത്തിനകം വിളവെടുക്കാം. കിഴങ്ങിന്റെ വലുപ്പമനുസരിച്ച് മൂന്നുമുതൽ അഞ്ചു വരെ പൂക്കൾ ലഭിക്കും.ഒരേക്കറിൽ ഒരു ലക്ഷം കിഴങ്ങുവരെ നടാം. ഇതിൽനിന്നും 2.4 ലക്ഷം മുതൽ 2.50 ലക്ഷം പൂക്കൾ കിട്ടും.ഇതിന് ഒന്നരക്കിലോഗ്രാം തൂക്കം വരും.ഒരുകിലോ കുങ്കുമപ്പൂവിന് മൂന്നുലക്ഷം രൂപയാണ് വിപണി വില എന്നോർക്കണം.
ഗുണങ്ങൾ
1. ആർത്തവത്തിനു മുൻപായി സ്ത്രീകളിലുണ്ടാവുന്ന പ്രീമെൻസ്ട്രൽ സിൻഡ്രോം ലക്ഷണങ്ങളായ ദേഷ്യം, തലവേദന, വേദന, ഉത്കണ്ഠ തുടങ്ങിയവ അകറ്റാൻ കുങ്കുമപ്പൂ കഴിക്കുന്നത് സഹായിക്കുന്നു.
2. ഫെർട്ടിലിറ്റി മെച്ചപ്പെടുത്തുന്നു. കുങ്കുമപ്പൂവ് പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക ശേഷിയും ലൈംഗിക സംതൃപ്തിയും വർദ്ധിപ്പിക്കും
3 കുങ്കുമപ്പൂവിൽ കരോട്ടിനോയിഡുകളും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, വിഷാദരോഗവുമായി ബന്ധപ്പെട്ട സെറോടോണിന്റെയും തലച്ചോറിലെ മറ്റ് കെമിക്കലുകളുടെയും അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
4. കുങ്കുമപ്പൂവിന്റെ ഔഷധഗുണം കാരണം ഗർഭിണികൾക്ക് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. കുങ്കുമപ്പൂവിന്റെ ആന്റീഡിപ്രസന്റ് പ്രവർത്തനം ഗർഭകാലത്ത് ഉണ്ടാകുന്ന മൂഡ് സ്വിങ്സിനെ കുറയ്ക്കാൻ സഹായിക്കുന്നു. കുങ്കുമപ്പൂവ് ദഹനത്തിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
5. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കുങ്കുമപ്പൂവ് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകും.(ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് പാലില്‍ കലക്കി കുടിച്ചാല്‍ കുഞ്ഞിന് വെളുപ്പ് നിറമുണ്ടാകുമെന്ന് പറയപ്പെടുന്നത് ഇതുകൊണ്ടാണ്.പക്ഷെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല)