കോഴിക്കോട്: ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്. ബുധനാഴ്ചയാണ് കോഴിക്കോട് കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങിന് ഭീഷണിക്കത്ത് ലഭിച്ചത്. സിപിഐ(എം.എല്‍)-ന്റെ പേരിലാണ് കത്ത്. കൊച്ചിയില്‍ പൊട്ടിച്ചപോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാജ കമ്യൂണിസ്റ്റുകള്‍ വേട്ടയാടിയാല്‍ ശക്തമായി തിരിച്ചടിക്കും. പിണറായിപ്പോലീസിന്റെ വേട്ട തുടര്‍ന്നാല്‍ തിരിച്ചടിയുണ്ടാകുമെന്നും കത്തില്‍ പറയുന്നു. കത്ത് നടക്കാവ് പൊലീസിന് കൈമാറി.
അതേസമയം, കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി ഞെട്ടിത്തോട്ട് തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന മേഖലയില്‍നിന്ന് ലാപ്ടോപ്, രഹസ്യരേഖകള്‍ എന്നിവ കണ്ടെത്തിയതായി സൂചന. ഇവര്‍ തമ്പടിച്ചതെന്നു കരുതുന്ന 3 ക്യാംപ് ഷെഡുകളും കണ്ടെത്തി. 2 ആയുധങ്ങള്‍ കണ്ടെത്തിയെന്നു മാത്രമാണു പൊലീസ് സ്ഥിരീകരിച്ചത്. തിങ്കള്‍ രാവിലെ 9.50 മുതല്‍ 19 മണിക്കൂറോളം തുടര്‍ന്ന ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല.
കര്‍ണാടകയുടെ ആന്റി നക്സല്‍ ഫോഴ്സ് വനത്തില്‍ തിരച്ചില്‍ നടത്തി. അതിര്‍ത്തി മേഖലകളില്‍ തമിഴ്നാട് പൊലീസിന്റെ ആന്റി നക്സല്‍ സ്ക്വാഡ് പട്രോളിങ് ശക്തമാക്കി. നാടുകാണി, പാട്ടവയല്‍, താളൂര്‍, നമ്പ്യാര്‍കുന്ന്, ചോലാടി, കക്കനള്ള ചെക്പോസ്റ്റുകളില്‍ വാഹന പരിശോധനയും കര്‍ശനമാക്കി. ഊട്ടി ജില്ലാ പൊലീസ് സൂപ്രണ്ട് സുന്ദരവടിവേല് ചെക്പോസ്റ്റുകള്‍ സന്ദര്‍ശിച്ചു. കേരള അതിര്‍ത്തിയിലും നാടുകാണി ചുരത്തിലും കേരള പൊലീസും പരിശോധന നടത്തുന്നുണ്ട്.