കോഴിക്കോട്: എരവന്നൂര്‍ എയുപി സ്‌കൂളില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അധ്യാപക ദമ്പതികള്‍ക്ക് സസ്‌പെന്‍ഷന്‍. സ്‌കൂളിലെ അധ്യാപികയായ സുപ്രീനയെ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തു. കൊടുവള്ളി എഇഒയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത മറ്റൊരു സ്‌കൂളില്‍ അധ്യാപകന്‍ കൂടിയായ എം.പി. ഷാജിയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എരവന്നൂര്‍ സ്‌കൂളിലെ അഞ്ച് അധ്യാപകരാണ് ഷാജിക്കെതിരെ പരാതി നല്‍കിയത്.
യോഗം നടക്കുന്നതിനിടെ അതിക്രമിച്ചു കയറി അധ്യാപകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമിതിയംഗം കൂടിയായ ഷാജിയെ ഇന്നലെ കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അധ്യാപകര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഷാജിയുടെ ഭാര്യയും ഇതേ സ്‌കൂളിലെ അധ്യാപികയുമായ സുപ്രീനക്കും മറ്റ് 5 അധ്യാപകര്‍ക്കും പരുക്കേറ്റിരുന്നു. എരവന്നൂര്‍ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ ആരോപണം ഉന്നയിച്ചപ്പോഴാണ് യഥാര്‍ഥ്യം ബോധ്യപ്പെടുത്താനായി വീഡിയോ പുറത്തുവിട്ടതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. എരവന്നൂര്‍ സ്‌കൂളില്‍ അധ്യാപികയായ ഭാര്യ സുപ്രീനയെയും മകനെയും വിളിക്കാനായി എത്തിയ ഷാജിയെ ആക്രമിച്ചെന്നായിരുന്നു എന്‍ടിയു ആദ്യം ആരോപിച്ചത്.
ഒരു വിദ്യാര്‍ഥിയുടെ മുഖത്ത് അടിച്ചതിനും രക്ഷിതാവിനോട് മോശമായി സംസാരിച്ചതിനും കേസ് നിലവിലുള്ള അധ്യാപിക കഴിഞ്ഞ ദിവസം മറ്റൊരു അധ്യാപകന് എതിരെ വ്യാജ കേസ് എടുപ്പിക്കുവാന്‍ നടത്തിയ നീക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ചേര്‍ന്ന യോഗത്തിലേക്കാണു ഷാജി അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയതെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.