ഇടുക്കി: പെന്‍ഷന്‍ വൈകിയതിനെ തുടര്‍ന്ന് മണ്‍ചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ തനിക്കെതിരെ സിപിഎം നടത്തിയ നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടി. അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാലില്‍ മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ ഭൂമി ഉണ്ടെന്ന ആക്ഷേപമാണു പ്രധാനമായും സിപിഎം ഉന്നയിച്ചത്.
ഇന്നലെ രാവിലെ മന്നാങ്കണ്ടം (അടിമാലി) വില്ലേജ് ഓഫിസിലെത്തിയ മറിയക്കുട്ടി തനിക്കു വില്ലേജ് പരിധിയില്‍ ഭൂമി ഉണ്ടെങ്കില്‍ അതു സംബന്ധിച്ചുള്ള രേഖ നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി. അടിമാലി വില്ലേജില്‍ ഒരിടത്തും മറിയക്കുട്ടിയുടെ പേരില്‍ ഭൂമിയില്ലെന്നു വില്ലേജ് ഓഫിസര്‍ ഇന്നലെ വൈകിട്ടോടെ അറിയിച്ചു.
മറിയക്കുട്ടിക്കു 2 വീടുണ്ടെന്ന സിപിഎം ആരോപണം തെറ്റാണെന്നു നേരത്തേ തെളിഞ്ഞിരുന്നു. ഇവരുടെ മകള്‍ക്കു വിദേശത്തു ജോലിയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. വിദേശത്തു ജോലിയുള്ള മകളെ കണ്ടെത്തി തരാന്‍ സിപിഎം തയാറാകണമെന്നാണു മറിയക്കുട്ടിയുടെ ആവശ്യം. ക്ഷേമ പെന്‍ഷന്‍ വൈകിയപ്പോള്‍ മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയില്‍ അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയില്‍ ഭിക്ഷയെടുക്കാനിറങ്ങിയത്.