ന്യൂഡല്‍ഹി: അശ്രദ്ധകൊണ്ടുണ്ടാകുന്ന മരണങ്ങള്‍ക്കു പുതിയ ശിക്ഷാ നിയമത്തില്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന 7 വര്‍ഷം തടവ് ഉയര്‍ന്ന ശിക്ഷയാണെന്നും ഇത് 5 വര്‍ഷമായി കുറയ്ക്കണമെന്നും പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ബിജെപി എംപി ബ്രിജ് ലാല്‍ അധ്യക്ഷനായ, ആഭ്യന്തര മന്ത്രാലയ സമിതി നല്‍കിയ റിപ്പോര്‍ട്ടിലാണു ശുപാര്‍ശയുള്ളത്.
ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിക്രമചട്ടം, തെളിവു നിയമം എന്നിവയ്ക്കു പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ലുകളുമായി ബന്ധപ്പെട്ട കരട് റിപ്പോര്‍ട്ട് ഏതാനും ദിവസം മുന്‍പാണു കമ്മിറ്റി അംഗീകരിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു (ഐപിസി) പകരമായി കൊണ്ടുവരുന്ന ഭാരതീയ ന്യായ സംഹിതയിലെ 104(1) വകുപ്പിലാണു അശ്രദ്ധകൊണ്ടുണ്ടാകുന്ന മരണം പ്രതിപാദിക്കുന്നത്. ഐപിസിയില്‍ 2 വര്‍ഷത്തെ തടവോ പിഴയോ രണ്ടും കൂടിയോ ആണു ശിക്ഷ.
എന്നാല്‍ അശ്രദ്ധകൊണ്ട് അപകടമുണ്ടാകുകയും എന്നാല്‍ ആളെ രക്ഷിക്കാനോ പൊലിസില്‍ അറിയിക്കാനോ ശ്രമിക്കാതെ കടന്നുകളയുന്ന സാഹചര്യത്തില്‍ ഈ വകുപ്പു നിലനിര്‍ത്തണോ എന്നതു പരിശോധിക്കണമെന്നും സമിതി പറയുന്നു.