Breaking NewsLead NewsNEWSWorld

യുഎസ്എസ് ജെറാൾഡിനെ തകർക്കുന്ന എഐ നിർമിത ചിത്രം പങ്കുവച്ച് ഖമനെയിയുടെ മുന്നറിയിപ്പ്, ‘യുഎസ് വിമാനവാഹിനികളെ മുങ്ങിക്കളയും’!! സന്നാഹങ്ങളുമായി പടപ്പുറപ്പാടിന് ഇറങ്ങിപ്പുറപ്പെട്ട അമേരിക്കയ്ക്ക് ഹോർമുസ് കടലിടുക്കിൽ ചെക്കുവച്ച് ഇറാൻ

അമേരിക്കയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ ഇറാൻ നിർണായക സമുദ്രമാർഗമായ ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചതായി റിപ്പോർട്ടുകൾ. 1980കളിന് ശേഷം ആദ്യമായാണ് പശ്ചിമേഷ്യയിലെ ഈ പ്രധാന ജലപാതം ഇത്തരത്തിൽ നിയന്ത്രണവിധേയമാകുന്നത്. യുഎസിനെതിരെ പുതിയ ഭീഷണികൾ ഉയർത്തിയ ഇറാന്റെ പരമോന്നത നേതാവ് ഖമനയിയുടെ പ്രസ്താവനകൾക്കു പിന്നാലെയാണ് നടപടി.

ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കടൽപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ പെർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിൽ കടന്നുപോകുന്ന ആഗോള എണ്ണവ്യാപാരത്തിന്റെ ഏകദേശം 20 ശതമാനം ഗതാഗതം നടക്കുന്നു. “സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി” മണിക്കൂറുകളോളം ഭാഗികമായി കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ സർക്കാർ മാധ്യമങ്ങൾ അറിയിച്ചു. ഇതോടനുബന്ധിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സൈനിക അഭ്യാസങ്ങളും നടത്തി.

Signature-ad

സംഘർഷം ശക്തമാകുന്നതിനിടെ അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിനെ പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചു. ഇതിനുമുമ്പ് തന്നെ യുഎസ്എസ് ഏബ്രഹാം ലിങ്കൺ, പ്രദേശത്ത് എത്തിച്ചിരുന്നു. എന്നാൽ കൂടുതൽ കളിച്ചാൽ യുഎസ് വിമാനവാഹിനികളെ മുങ്ങിക്കളയാമെന്ന മുന്നറിയിപ്പും ഖമനെയി നൽകി. കടലിന്റെ അടിത്തട്ടുവരെ ചെല്ലാൻ കരുത്തുള്ളതും ഏത് പടക്കപ്പലിനെയും തകർക്കാൻ ശേഷിയുള്ളതുമായ ഭയാനകമായ ആയുധം ഇറാനുണ്ടെന്ന് ഖമനയി പറഞ്ഞു. യുഎസ്എസ് ജെറാൾഡിനെ തകർക്കുന്ന എഐ നിർമിത ചിത്രവും പങ്കുവച്ചു. ‘‘ട്രംപ് പറയുന്നത് അമേരിക്കയ്ക്ക് ലോകത്തെ ഏറ്റവും ശക്തമായ സൈന്യമുണ്ടെന്നാണ്. എന്നാൽ, ലോകത്തെ ഏറ്റവും ശക്തരായ സൈന്യത്തിനുവരെ ചിലപ്പോൾ നല്ല തിരിച്ചടിയേൽക്കും’’ – ഖമനയി പറഞ്ഞു.

ഹോർമുസ് കടലിടുക്കിൽ ഇറാൻ മിസൈൽ പരീക്ഷണങ്ങൾ, യുദ്ധക്കപ്പലുകൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടുത്തി സൈനിക അഭ്യാസങ്ങളും നടത്തി. “സുരക്ഷാ-സൈനിക ഭീഷണികൾക്ക്” മറുപടി നൽകാനുള്ള പ്രവർത്തനസജ്ജതയാണ് ഇതിലൂടെ പ്രകടമാക്കുന്നതെന്ന് ഇറാൻ അറിയിച്ചു.

സാധ്യതയുള്ള ആണവ കരാറിനെക്കുറിച്ച് യുഎസും ഇറാനും ചർച്ചകൾ തുടരുന്നതിനിടെയാണ് ഇരു രാജ്യങ്ങളും ശക്തിപ്രകടനം നടത്തുന്നത്. ചർച്ചകൾ ഭാഗികമായി പുരോഗമിച്ചെങ്കിലും അമേരിക്ക നിർദ്ദേശിച്ച ചില ‘റെഡ് ലൈൻസ്’ ഇറാൻ ഇതുവരെ അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്ന് യുഎസ് ഉപരാഷ്ട്രപതി വ്യക്തമാക്കി.

ഇതിനിടെ ഇറാനും റഷ്യയും ചേർന്ന് ഒമാൻ കടലിലും വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും സംയുക്ത നാവിക അഭ്യാസങ്ങൾ നടത്തുമെന്നും ഇറാൻ നാവികസേന അറിയിച്ചു. സമുദ്രസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളെ ചെറുക്കുക എന്നതാണ് ഈ അഭ്യാസങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് കമാൻഡർമാർ വ്യക്തമാക്കി. സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഇറാൻ- യുഎസ് പ്രതിനിധികൾ തമ്മിൽ ആണവ ചർച്ച നടക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളുടേയും പോർ വിളി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: