Breaking NewsCrimeKeralaLead NewsNEWS

എല്ലാ ശനിയാഴ്ചയും വൈകിട്ട് നാലിനും ആറിനും ഇടയിൽ അടുത്ത മൂന്ന് മാസം വരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകണം, ഡോക്ടർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരക്ഷരം പോലും മിണ്ടരുത്, സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുത്, യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ ‘ജാമ്യ നിയമാവലി’

ഡോക്ടർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ കമ എന്നൊരക്ഷരം മിണ്ടരുത്, ഇതുപോലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം, എല്ലാ ശനിയാഴ്ചയും വൈകിട്ട് നാലിനും ആറിനും ഇടയിൽ അടുത്ത മൂന്ന് മാസം വരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകണം… യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ നിർദേശം

കൊച്ചി: കോട്ടയം സ്വദേശിയായ ഡോക്ടറുടെ ഫോൺ ചോർത്തി ഭീഷണിപ്പെടുത്തിയെന്ന കേസിൽ യൂട്യൂബർ ഷാജൻ സ്‌കറിയ എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. എല്ലാ ശനിയാഴ്ചയും വൈകിട്ട് നാല് മണിക്കും ആറ് മണിക്കും ഇടയിൽ അടുത്ത മൂന്ന് മാസം വരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാണ് കോടതിയുടെ നിർദേശം. കേസിൽ ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അംഗീകരിച്ചുകൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്.
അതുപോലെ ഷാജൻ സ്‌കറിയ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. സമാന സ്വഭാവമുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടരുത്. പരാതിക്കാരനെയോ, സാക്ഷികളെയോ, സ്വാധീനിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. കേസിലെ പരാതിക്കാരനായ ഡോക്ടർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരു കമന്റും നടത്തരുതെന്നും കോടതി നിർദേശങ്ങളിൽ പറഞ്ഞു.

Signature-ad

അതേസമയം ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്ത കൊച്ചി പോലീസിന്റെ നടപടിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബർ ഷാജൻ സ്‌കറിയ. എന്നിട്ടും എന്തുകൊണ്ട് ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ ചോദ്യം.

ഷാജൻ സ്‌കറിയ ഒളിവിലാണെന്ന പ്രോസിക്യൂഷന്റെ മറുപടിയിലും കോടതി വിമർശനം ഉയർത്തിയിരുന്നു. ഷാജൻ സ്‌കറിയ പ്രതിദിനം യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ. ഇത്രയധികം പ്രശ്‌നക്കാരനായ ഷാജൻ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നുമാണ് സെഷൻസ് കോടതി ചോദിച്ചത്. ഡോക്ടറുടെ പരാതിയിൽ കടവന്ത്ര പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കഴിഞ്ഞ നവംബറിൽ ഷാജൻ സ്‌കറിയയ്‌ക്കെതിരെ കേസെടുത്തത്. ബിഎൻഎസ്, ഐടി നിയമം, ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണ നിയമം എന്നീ നിയമങ്ങളിലെ ജാമ്യമില്ലാ വകുപ്പുകളാണ് ഷാജൻ സ്‌കറിയയ്‌ക്കെതിരെ പോലീസ് ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: