കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആര്‍ടിസി നടപ്പാക്കുന്ന ഗ്രാമവണ്ടി സര്‍വീസുകള്‍ ലാഭത്തില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ കുമ്പളയിലാണ് സംസ്ഥാനത്തെ 19-ാമത് സര്‍വീസ് തുടങ്ങിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഗ്രാമവണ്ടിക്കായി സമീപിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി.
12 ജില്ലകളിലായി നടത്തുന്ന 19 സര്‍വീസുകളും നഷ്ടമില്ലാതെയാണ് ഓടുന്നതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ നല്കുന്ന വിശദീകരണം. പ്രാദേശിക തലത്തില്‍ കൂടുതല്‍ ബസുകള്‍ അനിവാര്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ പദ്ധതി തുടങ്ങിയത്. തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന റൂട്ടില്‍ നിര്‍ദേശിക്കുന്ന സമയത്ത് ബസ് സര്‍വീസ് നടത്തും. സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഡീസലിനുള്ള തുക മാത്രം തദ്ദേശ സ്ഥാപനങ്ങള്‍ നല്കിയാല് മതി. സ്റ്റേ ബസുകള്‍ വേണ്ടി വന്നാല്‍ ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാര്‍ക്കിങ് സുരക്ഷ എന്നിവ തദ്ദേശ സ്ഥാപനങ്ങളും വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനന്‍സ്, സ്പെയര്‍പാര്‍ടുസുകള്‍, ഇന്‍ഷൂറന്‍സ് എന്നിവയുടെ ചെലവ് കെഎസ്ആര്‍ടിസിയും വഹിക്കും.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമെ, സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടി ബസുകള്‍ സ്പോണ്സര് ചെയ്യാം. സ്പോണ്സര് ചെയ്യുന്നവരുടെ പരസ്യങ്ങള്‍ ബസുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഓഗസ്റ്റിലാണ് ഗ്രാമവണ്ടികള്‍ സംസ്ഥാനത്ത് സര്‍വീസ് ആരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നഗരവികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത്. 150 കിലോമീറ്റര്‍ ഓടുമ്പോള്‍ 5,000 രൂപ മുതല്‍ 7,000 രൂപ വരെ കളക്ഷനാണ് ബസിന് ശരാശരി ലഭിക്കുന്നത്. സാധരണ ഗ്രാമങ്ങളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് ഇത്രയും ദൂരം സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന കളക്ഷന്‍ 3,000 മുതല്‍ 4,000 വരെയാണ്. ഇന്ധനച്ചെലവ് കോര്പറേഷന് വഹിക്കേണ്ടെന്നതാണ് വരുമാനം വര്‍ധിക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് വരുമാനത്തില്‍ മുന്പില്.
സംസ്ഥാനത്തെ പത്തൊന്‍പതാമത്തെ ഗ്രാമവണ്ടി സര്‍വീസ് കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ ഒക്ടോബര്‍ ആറിന് ഓടിത്തുടങ്ങിയിരുന്നു. കുമ്പള പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി ജില്ലയില്‍ യാഥാര്‍ഥ്യമാക്കിയത്. നിലവില്‍ പാലക്കാട്, ഇടുക്കി ജില്ലകളിലൊഴികെയുള്ള എല്ലാ ജില്ലകളിലും കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി സര്‍വീസ് നടത്തുന്നുണ്ട്.
കൊല്ലം, കോട്ടയം, മലപ്പുറം എന്നീ ജില്ലകളില്‍ രണ്ടു വീതവും പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒരോ വണ്ടി വീതവുമാണ് സംസ്ഥാനത്തെ ഗ്രാമവണ്ടിയുടെ സര്‍വീസ്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ ആറളം പഞ്ചായത്തില്‍ മാത്രമാണ് 52 സീറ്റുകളുള്ള ബസ് ഓടുന്നത്. ബാക്കിയുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 32 സീറ്റുകളുള്ള ചെറിയ ബസാണ് ഓടുന്നത്. ഒരു തദ്ദേശ സ്ഥാപനത്തിലെ സഞ്ചാരയോഗ്യമായ എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ഗ്രാമവണ്ടികള്‍ സര്‍വീസ് നടത്തുക. ബസുകളോടാത്ത ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ ഗതാഗതസൗകര്യ വികസനം സാധ്യമാക്കുന്ന രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നത്.
കെഎസ്ആര്‍ടിസി സഹകരണത്തോടെ കുമ്പള ഗ്രാമപഞ്ചായത്ത് ആരംഭിച്ച ‘ഗ്രാമവണ്ടി’ സര്‍വീസ് ഇന്ന് ജനകീയ ബസാണ്. പഞ്ചായത്തിലെ ഗ്രാമീണ മേഖലകളിലെ ജനങ്ങളും ദൂരെ ദിക്കുകളില്‍നിന്ന് കിലോമീറ്ററുകള്‍ താണ്ടി കാല്‍നടയായി സ്കൂളിലെത്തിയിരുന്ന വിദ്യാര്‍ഥികളും ബസിനെ ഏറ്റെടുത്ത നിലയിലാണ്. സര്‍വീസ് തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ തന്നെ ഗ്രാമവണ്ടി ലാഭത്തിലായതിന്റെ സൂചനയാണ്. രാവിലെയും വൈകിട്ടും മാത്രമല്ല മറ്റ് സമയങ്ങളിലെ സര്‍വീസിലും യാത്രക്കാരുടെ എണ്ണം കൂടുന്നുണ്ട്.
പേരാല്‍ – കണ്ണൂര്‍ ഭാഗങ്ങളില്‍നിന്ന് മൊഗ്രാല്‍, കുമ്പള ഗവ. സ്കൂളുകളിലേക്കും സ്വകാര്യ കോളജുകളിലേക്കും ഇപ്പോള്‍ ഗ്രാമവണ്ടിയാണ് ആശ്രയം. ഇപ്പോള്‍ ഗ്രാമവണ്ടിയെ ആശ്രയിക്കുന്നവര്‍ സ്ഥിര യാത്രക്കാരായി. പികെ നഗര്‍, ഉളുവാര്‍, പമ്പാട്ടി, കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം, ഐഎച്ച്ആര്‍ഡി, പേരാല്‍, മൊഗ്രാല്‍ സ്കൂള്‍, മുളിയടുക്ക എന്നീ റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. കുമ്പള പഞ്ചായത്തിന്റെ 2023 – 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ഗ്രാമവണ്ടി പദ്ധതിക്കായി വകയിരുത്തിയിരുന്നു. ഇന്ധനച്ചെലവ് പഞ്ചായത്ത് വഹിക്കുമ്പോള്‍ ബസ് ജീവനക്കാരുടെ ശമ്പളവും അറ്റകുറ്റപ്പണിയും കെഎസ്ആര്‍ടിസിയാണ് വഹിക്കുക. കാസര്‍കോട് ജില്ലയിലെ ആദ്യ ഗ്രാമവണ്ടി സര്‍വീസാണ് കുമ്പള പഞ്ചായത്തിലേത്.