കോഴിക്കോട്: റെയില്‍വേ ജീവനക്കാരുടെ ശമ്പളവിതരണത്തിനുള്ള സോഫ്റ്റ്വേറിലെ ന്യൂനത മുതലാക്കി ബുക്കിങ് ക്ളാര്‍ക്ക് ഏഴുവര്‍ഷംകൊണ്ട് തട്ടിയത് 6.89 കോടി രൂപ. ഇതേത്തുടര്‍ന്ന് റെയില്‍വേ വിജിലന്‍സ് വിഭാഗം അന്വേഷണമാരംഭിച്ചു. ഉത്തര്‍പ്രദേശിലെ മുഗള്‍സരായി ഡിവിഷനില്‍ കാന്‍പുര്‍ സ്വദേശിയായ ബുക്കിങ് ക്ലാര്‍ക്ക് ബാബു യുവരാജ് സിങ്ങാണ് (38) തട്ടിപ്പ് നടത്തിയത്. ഇയാള്‍ ഒളിവിലാണ്.
അക്കൗണ്ടിലേക്ക് കൃത്യമായ ശമ്പളം വരുന്നതിനാല്‍ ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല. എന്നാല്‍, ശമ്പളത്തിനൊപ്പം ആനുകൂല്യങ്ങള്‍കൂടി എഴുതിച്ചേര്‍ത്ത് അധികത്തുക പാസാക്കിയെടുക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ശമ്പളവും ആനുകൂല്യവും ഉള്‍പ്പെട്ട അധികത്തുക റെയില്‍വേ പാസാക്കുമ്പോള്‍ ഇതുനേരിട്ട് യുവരാജ് സിങ്ങിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റും. അതിനുശേഷം ജീവനക്കാരന്റെ ശമ്പളം കിഴിച്ച് ബാക്കിത്തുക ഭാര്യയുടെ പേരിലുള്ള അക്കൗണ്ടില്‍ത്തന്നെ നിലനിര്‍ത്തും. കൂടുതല്‍ തുക തട്ടിയിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
മലയാളി ഉദ്യോഗസ്ഥനും മുഗള്‍സരായി ഡിവിഷന് ആര്.പി.എഫ്. സീനിയര്‍ കമാന്‍ഡന്റുമായ തിരുവനന്തപുരം പട്ടം സ്വദേശി ജിതിന് ബി. രാജാണ് തട്ടിപ്പുകണ്ടെത്തിയത്. ജീവനക്കാരുടെ ജോലികാലയളവ് പരിശോധിച്ചപ്പോള്‍ ബുക്കിങ് ക്ലാര്‍ക്ക് ആറുവര്‍ഷമായി ഒരേയിടത്ത് തുടരുകയാണെന്ന് കണ്ടെത്തി.
ഇതേ ഓഫീസിലെ ഒരു ആര്.പി.എഫ്. കോണ്‍സ്റ്റബിളായ മുജീബിന്റെ പി.എഫ്. തുക അക്കൗണ്ട് മാറി മറ്റൊരാളുടെ പേരില്‍ പോയിരുന്നുവെന്നും അതേദിവസംതന്നെ തുക തിരിച്ചുകിട്ടിയെന്നും സംഭാഷണത്തിനിടയില്‍ പറഞ്ഞിരുന്നു. ഇതാണ് അക്കൗണ്ട് പരിശോധിക്കുന്നതിലേക്ക് എത്തിച്ചത്. കേരള പോലീസില്‍ സായുധവിഭാഗം ഐ.ജി.യായി വിരമിച്ച ജി. ബാബുരാജിന്റെയും കൊല്ലം കലക്ടറായിരുന്ന എസ്. ലളിതാംബികയുടെയും മകനാണ് ജിതിന്.