KeralaNEWS

ഊരാളുങ്കല്‍ സൊസൈറ്റി അംഗീകാരത്തിന്റെ നെറുകയിൽ, ഏഷ്യ-പസഫിക് രാജ്യങ്ങളിലെ ഏറ്റവും മികച്ച സഹകരണസംഘം

    രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഊരാളുങ്കല്‍ സൊസൈറ്റിയെ തകർക്കാൻ പല ഭാഗങ്ങളിൽ നിന്നും നിരന്തരം ശ്രമങ്ങളുണ്ടായി. പക്ഷേ എല്ലാ ഒളിയമ്പുകളെയും അതിജീവിച്ച് ഈ സ്ഥാപനം ഉയരങ്ങളിലേയ്ക്കു കുതിക്കുകയാണ്.

ഏഷ്യ-പസഫിക് രാജ്യങ്ങളിലെ മികച്ച സഹകരണസംഘത്തിന് ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ്‌ നൽകുന്ന പ്രഥമ എന്റര്‍പ്രൈസിങ് കോഓപ്പറേറ്റീവ് എക്‌സലന്‍സ് അവാര്‍ഡ് നേടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി സ്വന്തം കരുത്തു തെളിയിച്ചിരിക്കുന്നു.
ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന ഐസിഎയുടെ 16-ാമത് ഏഷ്യ-പസഫിക് മേഖലാ അസംബ്ലിയില്‍ ആയിരുന്നു പ്രഖ്യാപനം.

Signature-ad

ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ് പ്രസിഡന്റ് ഡോ. ഏരിയല്‍ ഗ്വാര്‍ക്കോ അവാര്‍ഡ് സമ്മാനിച്ചു. സൊസൈറ്റിയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത റ്റി. കെ കിഷോര്‍ കുമാര്‍ പുരസ്കാരം ഏറ്റുവാങ്ങി. ഐസിഎ ഏഷ്യ-പസഫിക് മേഖലാ പ്രസിഡന്റ് ഡോ. ചന്ദ്രപാല്‍ സിങ് യാദവ്, ഡയറക്ടര്‍ ബാലു ജി അയ്യര്‍, ജൂറി അംഗങ്ങളായ മുഹമ്മദ് യൂസഫ് ശംസുദ്ദീന്‍, ബീമാ സുബ്രഹ്മണ്യം എന്നിവര്‍ പങ്കെടുത്തു.

സാമ്പത്തിക ശാക്തീകരണം, സാമൂഹിക വികസനം, പാരിസ്ഥിതികസുസ്ഥിരത എന്നിവ പരിപോഷിപ്പിച്ച് സഹകരണരംഗത്തു കാര്യമായ സ്വാധീനം ചെലുത്തിയ മുന്‍കൈകള്‍ പരിഗണിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. സഹകരണമേഖലയിലെ വിദഗ്ധരും നേതാക്കളും ഉള്‍പ്പെട്ട അവലോകനസമിതി ആണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

കേരളത്തിലെ മലബാര്‍ മേഖലയിലെ ഒരു ഗ്രാമത്തില്‍ പിറന്ന് ലോകത്ത് ഏറ്റവും മികച്ച വൈവിധ്യവത്ക്കരണം സാദ്ധ്യമാക്കിയ പ്രാഥമികസഹകരണസംഘങ്ങളില്‍ ഒന്നായി വളര്‍ന്ന സ്ഥാപനം എന്നാണ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ സൊസൈറ്റിയെ ഐസിഎ വിശേഷിപ്പിച്ചത്.

സൊസൈറ്റിയിലെ ഗ്രാമീണരായ തൊഴിലാളികള്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രീതി, കീഴേത്തട്ടില്‍ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് ഗ്രാമീണയിന്ത്യയിലെ ജനജീവിതത്തില്‍ എങ്ങനെ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തിം എന്നതിന്റെ മികച്ച ഉദാഹരണമായും ഐസിഎ ചൂണ്ടിക്കാട്ടി. വര്‍ഷം 2334 കോടി രൂപ വിറ്റുവരവുള്ള സൊസൈറ്റി 17,000-ത്തിലധികം ആളുകള്‍ക്ക് നേരിട്ട് ജോലി നല്‍കുന്നുവെന്ന് അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഐസിഎ ചൂണ്ടിക്കാട്ടി.

ഈരുളുങ്കല്‍ സൊസൈറ്റി മുമ്പ് വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടറിലും ഇടം നേടിയിരുന്നു. ആഗോള റാങ്കിങ്ങില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തു രണ്ടാം സ്ഥാനത്ത് എത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വ്യവസായ – അവശ്യസേവന മേഖലയില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന വിറ്റുവരവിനാണ് ഈ  അംഗീകാരം നേടിയത്.

Back to top button
error: