കണ്ണൂര്‍: സൗദി വനിതയുടെ പരാതിയില്‍ ലൈംഗികാതിക്രമ കേസില്‍ അന്വേഷണം നേരിടുന്ന വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ (മല്ലു ട്രാവലര്‍) പോക്സോ കേസും. ഷാക്കിര്‍ സുബ്ഹാന്റെ ആദ്യ ഭാര്യയുടെ പരാതിയിലാണ് കേസെന്നാണ് വിവരം. കേസെടുത്തതായി ധര്‍മടം പൊലീസ് സ്ഥിരീകരിച്ചു. ഈ കേസ്, അന്വേഷണത്തിന്റെ ഭാഗമായി ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി ധര്‍മടം പൊലീസ് അറിയിച്ചു. ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ വെളിപ്പെടുത്തലുകളുമായി ഷാക്കിര്‍ സുബ്ഹാന്റെ ആദ്യ ഭാര്യ രംഗത്തെത്തിയിരുന്നു.
മുന്‍പ് സൗദി വനിത നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ ഷാക്കറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സമയത്ത് വിദേശത്തായിരുന്ന ഷാക്കിര്‍, ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്തു.
വിദേശത്തുള്ള ഷാക്കിര്‍ കേരളത്തില്‍ മടങ്ങിയെത്തുമെന്ന് അഭിഭാഷകന് അറിയിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് എറണാകുളത്തെ ഹോട്ടലില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സൗദി വനിത പരാതിയില്‍ പറഞ്ഞിരുന്നത്. അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.