CrimeNEWS

തൃശ്ശൂരിലെ രാത്രി കൊലപാതകം വൈകിട്ടത്തെ തര്‍ക്കം തീര്‍ക്കുന്നതിനിടെ; മുഖ്യപ്രതി 15 വയസുകാരന്‍

തൃശ്ശൂര്‍: നഗരത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രിയുണ്ടായ കൊലക്കേസിലെ മുഖ്യപ്രതി പ്രായപൂര്‍ത്തിയാകാത്തയാളെന്ന് പോലീസ്. പുല്ലഴി തെക്കേയില്‍ ശ്രീരാഗ് (25) ആണ് പൂത്തോള്‍ റെയില്‍വേ കോളനി പരിസരത്ത് കുത്തേറ്റുമരിച്ചത്. മാസങ്ങള്‍ക്കുമുമ്പ് ശ്രീരാഗും അക്രമിസംഘവും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ വിരോധം തുടരുന്നതിനിടെയാണ് തിങ്കളാഴ്ച വീണ്ടും പ്രശ്‌നങ്ങളുണ്ടാകുന്നത്. വൈകീട്ടുണ്ടായ തര്‍ക്കം പറഞ്ഞുതീര്‍ക്കുന്നതിനിടെയാണ് അര്‍ധരാത്രിയോടെ യുവാവിനു കുത്തേറ്റതെന്ന് പോലീസ് പറയുന്നു. കോളനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് കൊലപാതകത്തിനു പിന്നില്‍. പിടിച്ചുപറിയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവരെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു.

ശ്രീരാഗ്

കൊല്ലപ്പെട്ട ശ്രീരാഗിനെ കുത്തിയ പൂത്തോള്‍ വാകദേശം സ്വദേശിയായ മുഖ്യപ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് പേര് വെളിപ്പെടുത്തിയിട്ടില്ല. റെയില്‍വേ കോളനിയിലെ താമസക്കാരായിരുന്ന ശ്രീരാഗിന്റെ കുടുംബം പിന്നീട് ഒളരിക്കരയിലേക്കു മാറിയതാണ്. തുടര്‍ന്നും കോളനിയിലെത്തിയിരുന്ന ശ്രീരാഗും അക്രമിസംഘവും തമ്മില്‍ നേരത്തെയും ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. മാസങ്ങള്‍ക്കുമുന്‍പ് ചേറ്റുപുഴ കാവടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ശ്രീരാഗിന് തലയ്ക്ക് കുപ്പികൊണ്ട് അടിയേറ്റ് പരിക്കേറ്റിരുന്നു.

Signature-ad

ദിവാന്‍ജിമൂലകളിയാട്ടു പറമ്പില്‍ മുഹമ്മദ് അല്‍ത്താഫ്, അപ്പു, സാജിദ്, അജീഷ് എന്നിവരടക്കം ആറാളുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. അല്‍ത്താഫിനെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ട് നാലോടെ കോളനിയിലെത്തിയ ശ്രീരാഗും സഹോദരന്‍ ശ്രീനേഗും കോളനിയിലെ താമസക്കാരനായ യുവാവുമായി വാക്കുതര്‍ക്കത്തിലായി. ഇത് പറഞ്ഞുതീര്‍ക്കാനെന്ന പേരില്‍ രാത്രി ഒമ്പതോടെയാണ് ഇവരെ കോളനിയിലേക്ക് വിളിച്ചുവരുത്തിയത്. റെയില്‍വേ പാര്‍ക്കിങ്ങില്‍നിന്ന് കോളനിയിലേക്ക് വരുന്ന വഴിയില്‍വെച്ച് വീണ്ടും വാക്കുതര്‍ക്കമുണ്ടാകുകയും കൂട്ടത്തിലൊരാള്‍ ശ്രീരാഗിനെ കുത്തിവീഴ്ത്തുകയുമായിരുന്നു.

ഇത് തടയാനെത്തിയ സഹോദരന്‍ ശ്രീനേഗിനും സുഹൃത്ത് ഒളരി വെളുത്തൂര്‍ വീട്ടില്‍ ശ്രീരാജിനും കുത്തേറ്റു. മൂന്നുപേരെയും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീരാഗ് മരിച്ചു. ഗുരുതര പരിക്കുള്ള മറ്റു രണ്ടുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.സംഭവസ്ഥലത്ത് സംഘര്‍ഷം നടന്നതിന്റെ സൂചനകളുണ്ട്. പൊട്ടിയ ഇഷ്ടികക്കഷണങ്ങളും ഉപേക്ഷിച്ചനിലയില്‍ മൂന്നു ജോഡി ചെരുപ്പും കണ്ടെത്തി. സമീപത്ത് തുറന്ന് സാധനങ്ങള്‍ വലിച്ചിട്ട നിലയില്‍ ബാഗ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൊയിലാണ്ടി സ്വദേശിയുടെ തിരിച്ചറിയല്‍കാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്.

Back to top button
error: