കോട്ടയം: നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ സമരവുമായി പ്രവാസി സംരംഭകന്‍. മാഞ്ഞൂര്‍ പഞ്ചായത്ത് പടിക്കലാണ് ഷാജിമോന്‍ ജോര്‍ജ് സമരം തുടങ്ങിയത്. പഞ്ചായത്തുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നും ഷാജിമോന്‍ പറയുന്നു.
പഞ്ചായത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. പഞ്ചായത്തില്‍ വിശ്വാസമില്ല. കോടതിയെ സമീപിക്കുമെന്നും ഷാജിമോന്‍ പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പഞ്ചായത്തില്‍ നിന്നും ഇന്നലെ നോട്ടീസ് ഇറങ്ങിയിരുന്നു. ഇതില്‍ ആരുടേയും പേരോ ഒപ്പോ ഇല്ല. ഇത് തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ വേണ്ടി ഇറക്കിയതാണ്. ആറു കാരണങ്ങള്‍ കൊണ്ടാണ് പെര്‍മിറ്റ് നല്‍കാത്തതെന്നാണ് നോട്ടീസില്‍ പറയുന്നത്.
ആറു കാരണങ്ങളാണ് അനുമതി നല്‍കുന്നതിന് തടസ്സമെങ്കില്‍, അക്കാര്യം ചൂണ്ടിക്കാട്ടി ഔദ്യോഗികമായി ഓഫീഷ്യല്‍ ലെറ്ററില്‍ കത്തു നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ വെല്ലുവിളിക്കുകയാണ്. അത്തരത്തില്‍ ഒപ്പും സീലും വെച്ച ഒഫീഷ്യല്‍ ലെറ്റര്‍ തന്നാല്‍ ഈ നിമിഷം സമരം അവസാനിപ്പിക്കും. ഇതില്‍ പറയുന്ന രേഖകളെല്ലാം തന്റെ പക്കലുണ്ട്. എന്നാല്‍, തന്നെ തേജോവധം ചെയ്യാനുള്ള ബിഗ് പ്ലോട്ടാണ് നടക്കുന്നതെന്നും ഷാജിമോന്‍ കുറ്റപ്പെടുത്തുന്നു.
കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലന്‍സിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരില്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാര്‍ കെട്ടിട നമ്പര്‍ നിഷേധിക്കുന്നെന്ന് ഷാജിമോന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ബില്‍ഡിങ്ങിന് പ്രശ്നം ഉണ്ടെന്ന് ഇവര്‍ ആരും പറയുന്നില്ല. മറ്റു സാങ്കേതികത്വമാണ് പറയുന്നത്. ഒരു സിറ്റിങ്ങില്‍ തീര്‍ക്കാവുന്ന പ്രശ്നമാണ്. ഇവരുടെ കാലു പിടിക്കാത്തതിലുള്ള ശത്രുതയും പ്രതികാരവുമാണ് പഞ്ചായത്ത് നടത്തുന്നതെന്ന് ഷാജിമോന്‍ കുറ്റപ്പെടുത്തി.
അതേസമയം, കെട്ടിട നമ്പര്‍ നല്‍കാത്തത് മതിയായ രേഖകള്‍ ഹാജരാക്കാത്തതു കൊണ്ടാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി പറയുന്നത്. അഞ്ചു രേഖകള്‍ കൂടി നല്‍കിയാല്‍ കെട്ടിട നമ്പര്‍ നല്‍കാവുന്നതാണ്. ഷാജിമോനോട് വിദ്വേഷമില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ഫയര്‍, പൊലുഷന്‍ അടക്കം അഞ്ചു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ അടുത്ത നിമിഷം ഷാജിമോന്റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കുമെന്നും പ്രസിഡന്റ് വ്യക്തമാക്കുന്നു.