ന്യൂഡല്‍ഹി: കപ്പുച്ചിന്‍ സന്ന്യാസസഭയുടെ പ്രതിവാര ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ഇന്ത്യന്‍ കറന്റ്സി’ന്റെ മലയാളിയായ എഡിറ്റര്‍ ഫാ. സുരേഷ് മാത്യുവിനു സ്ഥാനചലനം. പഞ്ചാബില്‍ അമൃത്സറിനടുത്തുള്ള സെയ്ന്റ് ജോസഫ്‌സ് സ്‌കൂള്‍ മാനേജരായിട്ടാണു മാറ്റം. ഡല്‍ഹി കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്.
മോദിസര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായിട്ടാണു ഫാ. സുരേഷ് മാത്യു അറിയപ്പെടുന്നത്. പൗരത്വവിഷയം, മണിപ്പുര്‍ കലാപം, ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരേയുള്ള ആക്രമണം, മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സത്യാഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ച് ഇവിടെയെത്തിയിരുന്നു.
‘ഇന്ത്യന്‍ കറന്റ്സി’ന്റെ എഡിറ്ററായി ഒമ്പതര വര്‍ഷം പ്രവര്‍ത്തിച്ചു. കപ്പുച്ചിന്‍ സന്ന്യാസസഭയുടെ ഉത്തരന്ത്യയിലെ ക്രിസ്തുജ്യോതി പ്രൊവിന്‍സ് അംഗമാണ്. സഭയ്ക്ക് പ്രൊവിന്‍സിന്റെ കീഴില്‍ ആയിരത്തറുനൂറോളം സ്‌കൂളുകളുണ്ട്. പ്രൊവിന്‍സിന്റെ പുതിയ മേധാവിയായി ഫാ. റാഫി പാലിയേക്കര ചുമതലയേറ്റതിനു പിന്നാലെയാണു സ്ഥലംമാറ്റം. ഫാ. സുരേഷ് 25 വര്‍ഷമായി ഡല്‍ഹിയില്‍ത്തന്നെയാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതായും സൂചനയുണ്ട്.
സി.ബി.സി.ഐയുടെ പ്രസിദ്ധീകരണമായി 1988-ലാണ് ‘ഇന്ത്യന്‍ കറന്റ്‌സ്’ തുടങ്ങിയത്. പ്രതിസന്ധികളെത്തുടര്‍ന്ന് 1998-ല്‍ കപ്പുച്ചിന്‍ സഭ ഏറ്റെടുക്കുകയായിരുന്നു. സ്‌കൂളിന്റെ പ്രിന്‍സിപ്പലാകാനുള്ള വാഗ്ദാനം ഫാ. സുരേഷ് നിരസിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മാനേജരാക്കിയതെന്ന് അറിയുന്നു. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന മലയാളിയായ ഫാ. ഗൗരവ് ജോസഫാണു പുതിയ എഡിറ്റര്‍.