FoodNEWS

ദീപാവലിക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ ഇതാ അഞ്ച് മധുരപലഹാരങ്ങളുടെ പാചകക്കുറിപ്പുകൾ

ദീപാവലിക്കു പിന്നിലെ ഐതിഹ്യം പല പ്രദേശങ്ങളിലും വ്യത്യസ്തമാണ്.തെക്കേ ഇന്ത്യയിലെ ഐതിഹ്യമല്ല വടക്കേ ഇന്ത്യയിൽ.പക്ഷേ ആഘോഷം ഒന്നുതന്നെ – തിന്മയുടെ മേൽ നന്മ നേടിയ വിജയം !
പേരുപോലെ തന്നെ ദീപാവലി ദീപങ്ങളുടെയും ആഘോഷമാണ്.
അതിന‌ു മധുരത്തിന്റെ അകമ്പടി കൂടിയാകുമ്പോൾ ദീപാവലി മധുരത്തിന്റെയും  ആഘോഷമാകുന്നു.അല്ലെങ്കിൽ തന്നെ ലേശം മധുരമില്ലാതെ എന്ത് ആഘോഷം?
കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്തരേന്ത്യൻ വിഭവങ്ങളാണ് ഇന്നും ദീപാവലിക്ക് മധുരം കൂട്ടുന്നത്.പാൽ കൊണ്ടുള്ള വിഭവങ്ങൾ തന്നെയാണ് ഒന്നാം സ്ഥാനത്ത്.ഒപ്പം മൈദ, കടലമാവ്, കശുവണ്ടി എന്നിവ വിവിധ രുചിക്കൂട്ടിൽ മധുരമേകുന്നു.
മൈസൂർ പാക്കിനാണ് ദീപാവലി വിപണിയിൽ ഒന്നാം സ്ഥാനം.വിവിധ തരം ഹൽവകൾ, ഗുലാബ് ജാമുൻ, ബർഫികൾ, ലഡു, ജിലേബി, പേഡകൾ എന്നിവയും മധുരത്തിന് അകമ്പടിയേകും.
 ദീപവലിക്ക് മധുരം പകരും ചില രുചിക്കൂട്ടുകൾ ഇതാ…
മൈസൂർ പാക്
 

ആവശ്യമായ സാധനങ്ങൾ

  • കടലമാവ് – ഒരു കപ്പ്
  • പഞ്ചസാര – രണ്ടു കപ്പ്
  • വെള്ളം – മുക്കാൽ കപ്പ്
  • നെയ്യ് – രണ്ടു കപ്പ്

പാകംചെയ്യുന്ന വിധം

Signature-ad

നെയ്മയം പുരട്ടിയ പാനിൽ കടലമാവ് ഇട്ട് പച്ചമണം പോകും വരെ ചെറുതീയിൽ മൂപ്പിച്ചെടുക്കുക. മറ്റൊരു അടുപ്പിൽ നെയ്യ് ചൂടാക്കാൻ വയ്ക്കണം. പഞ്ചസാരയിൽ വെള്ളമൊഴിച്ച് നൂൽ പരുവത്തിൽ പാനിയാക്കണം. ഇതിൽ അര കപ്പ് ചൂടാക്കിയ നെയ്യും കടലമാവും ചേർത്ത് ചെറുതീയിൽ തുടരെ ഇളക്കി യോജിപ്പിക്കുക.

ബാക്കി ചൂടുനെയ്യ് കടലമാവു മിശ്രിതത്തിലേക്കു കുറെശെയായി ചേർത്തുകൊണ്ടിരിക്കണം. മൈസൂർ പാക് ചുവക്കാൻ തുടങ്ങുന്നതിനു മുൻപു പരന്ന പാത്രത്തിലൊഴിക്കുക. സ്പൂൺ കൊണ്ടോ കൈകൊണ്ടോ അമർത്തരുത്. തനിയെ ഇതു നിരപ്പായിക്കൊള്ളും. ചൂടോടെ തന്നെ മുറിക്കുക. തണുത്ത ശേഷം പാത്രത്തിലാക്കുക.

 

ജിലേബി

ആവശ്യമായ സാധനങ്ങൾ

  • ഉഴുന്നുപരിപ്പ് – ഒരു കപ്പ്
  • പച്ചരി – ഒരു വലിയ സ്പൂൺ
  • പഞ്ചസാര – രണ്ടു കപ്പ്
  • വെള്ളം – അര കപ്പ്
  • ജിലേബി കളർ – ഒരു നുള്ള്
  • റോസ് എസൻസ് – പാകത്തിന്

പാകംചെയ്യുന്ന വിധം

ഉഴുന്നുപരിപ്പും അരിയും ഒരുമണിക്കൂർ കുതിർക്കുക. പഞ്ചസാരയിൽ വെള്ളം ചേർത്ത് ഉരുക്കി നൂൽ പാനിയാകുമ്പോൾ വാങ്ങിവയ്ക്കുക. ഇതിൽ ജിലേബി കളർ കലക്കിയതും എസൻസും ചേർത്തുവയ്ക്കുക.

കുതിർത്ത ഉഴുന്നും അരിയും ശരിക്കു പതയത്തക്കവിധത്തിൽ ആട്ടുക. ജിലേബി കളറും ചേർക്കണം.

ചുവടു പരന്ന പാത്രത്തിൽ നെയ്യൊഴിച്ചു നല്ലതുപോലെ ചൂടാകുമ്പോൾ ബട്ടൺഹോൾ തയ്ച്ച തുണിയിൽ ആട്ടിയ ഉഴുന്നുമാവ് അൽപ്പാൽപ്പം വാരിയിട്ടു കൈകൊണ്ടമർത്തി നെയ്യിലേക്കു ജിലേബിയുടെ ആകൃതിയിൽ ഞെക്കിപ്പിഴിയുക.

ചെറിയ ദ്വാരമുള്ള ചിരട്ട ഉപയോഗിച്ചും ജിലേബി മാവ് പിഴിയാം. പാകത്തിനു മൂപ്പിച്ച ജിലേബി ഇളംചൂടുള്ള പഞ്ചസാര സിറപ്പിലിട്ട് ഓരോന്നായെടുത്തു പരന്ന തട്ടത്തിൽ വയ്ക്കുക.

ലഡു

ആവശ്യമായ സാധനങ്ങൾ

കടലമാവ് – 2 കപ്പ്
ബേക്കിങ് സോഡാ  – കാൽ ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
വെള്ളം – ഒന്നര കപ്പ്
പഞ്ചസാര  – രണ്ടര കപ്പ്
വെള്ളം – ഒന്നേകാൽ കപ്പ്
ഏലയ്ക്കായ –  3 എണ്ണം
ഏലക്കായ പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 2 നുള്ള്
നെയ്യ്  – 2 ടേബിൾസ്പൂൺ
കൽക്കണ്ടം  – ആവശ്യത്തിന്
കറുത്ത മുന്തിരി –  എണ്ണത്തിന് അനുസരിച്ച്
ഓയിൽ  – വറുക്കാൻ ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം

ഒരു ബൗളിലേക്കു കടലമാവ്, ഉപ്പ്, ബേക്കിങ് സോഡ, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .ഇതിലേക്ക് കുറേശ്ശേ വെള്ളം ചേർത്ത് മിക്സ് ചെയ്തു ബാറ്റർ തയാറാക്കുക. ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാക്കിയശേഷം ബാറ്റർ എടുത്തു ഹോൾ ഉള്ള തവിയിലൂടെ ബൂന്ദി വറുത്തു എടുക്കുക (മീഡിയം ഫ്ളൈമിൽ വേണം വറുത്തെടുക്കാൻ ).

ബൂന്ദി മുഴുവനായും വറത്തു എടുത്ത ശേഷം പഞ്ചസാര പാനി തയാറാക്കാം .ഒരു പാത്രത്തിലേക്ക് പഞ്ചസാരയും വെള്ളവും ചേർത്തു യോജിപ്പിക്കുക. ഇത് ചൂടാകാൻ വയ്ക്കുക ചൂടായി വരുമ്പോൾ ഏലയ്ക്കായയും മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സ് ചെയ്തു പാനി ഒന്ന് തിളയ്ക്കാൻ വയ്ക്കാം. ഈ സമയത്തു ബൂന്ദിയിൽ നിന്നും ഒരു കപ്പ് ബൂന്ദി എടുത്തു മിക്സിയുടെ പൊടിക്കുന്ന ജാറിൽ ഇട്ടു ഒന്ന് പൊടിച്ചെടുക്കുക. പൊടിച്ച ബൂന്ദിയിലേക്ക് നെയ്യ് ചേർത്ത് യോജിപ്പിക്കുക. പഞ്ചസാരപ്പാനി ഒരു നൂൽ പരിവമാകുന്നതിനു മുൻപേ എടുത്തു ബൂന്ദിയിലേക്ക് ചൂടോടെ ഒഴിക്കുക. എന്നിട്ടു ഒന്ന് യോജിപ്പിച്ചു കൊടുക്കുക. കുറച്ചു സമയം കഴിഞ്ഞ് നെയ്യും ഏലക്കായ പൊടിയും ബൂന്ദിയിൽ ചേർത്ത് യോജിപ്പിക്കുക .ബൂന്ദി പഞ്ചസാര പാനി നന്നായി വലിച്ചെടുത്തു കഴിഞ്ഞാൽ കൽക്കണ്ടവും ചേർത്ത് മിക്സ് ചെയ്ത ശേഷം ലഡ്ഡു ഉരുട്ടി എടുക്കാം.ഓരോ ലഡ്ഡുവിലും ഉരുട്ടുമ്പോൾ ഓരോ കറുത്ത വച്ച് ഉരുട്ടുക.

ബർഫി

ആവശ്യമായ സാധനങ്ങൾ

  • തേങ്ങാ പൊടിച്ചത് -1 കപ്പ്‌
  • നെയ്യ് -1 ടേബിൾസ്പൂൺ
  • പഞ്ചസാര – 1/2 കപ്പ്‌
  • പാൽ -1/2 കപ്പ്‌
  • അണ്ടിപരിപ്പ് -10 എണ്ണം  പൊടിച്ചത്
  • ഏലക്കായപൊടിച്ചത് – ഒരു നുള്ള്
  • പിസ്‌ത – അലങ്കരിക്കാൻ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം 

ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് അതിൽ തേങ്ങാ പൊടി ചേർക്കാം, 2മിനിറ്റ് ഒന്ന് ചൂടാക്കിയതിനു ശേഷം ഇതിൽ പഞ്ചസാരും പാലും ചേർക്കാം, ശേഷം അണ്ടിപ്പരിപ്പ് പൊടിച്ചതും, ഏലക്കാപൊടിയും ചേർക്കാം. എല്ലാംകൂടി നന്നായി യോജിപ്പിച്ചതിന് ശേഷം ഒരു നെയ്യ് പുരട്ടിയ പാത്രത്തിൽ ഇട്ട് ഒരു പരന്ന  സ്പൂൺ വച്ച് പരത്തണം. തണുത്തു കഴിഞ്ഞാൽ മുറിച്ച് കഴിക്കാം.

മിൽക്ക് പേഡ 

ഉണ്ടാക്കുന്ന വിധം

 ആദ്യം ഒരു നോൺ-സ്റ്റിക്ക് പാനിൽ നെയ്യും പാലും ഒഴിക്കുക. പാൽ ചൂടായതിനുശേഷം മിനുസത്തിനു  വേണ്ടി പാൽപ്പൊടി ചേർത്ത് നന്നായി ഇളക്കുക.( കട്ടിയാകുന്നത് വരെ)  ഇടത്തരം തീയിൽ വേണം ചൂടാക്കാൻ.

അതിനുശേഷം ½ ടീസ്പൂൺ നെയ്യ് ചേർക്കുക. വശങ്ങൾ നീക്കം ചെയ്യാൻ സ്പാറ്റുല ഉപയോഗിക്കുക. 10-20 മിനുട്ടിനുള്ളിൽ ഇത് കട്ടിയാകും.

ഇത് ഒരു മിക്സിംഗ് പാത്രത്തിൽ ഇട്ട് കുറച്ച് നേരം തണുപ്പിക്കാൻ വയ്ക്കുക. 

 സാധാരണ താപനിലയിൽ എത്തുമ്പോൾ പൊടിച്ച പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർക്കുക. വീണ്ടും ഇത് നന്നായി ഇളക്കുക. 

 

 പിന്നീട് 8 തുല്യ ഭാഗങ്ങളായി വിഭജിച്ച ശേഷം ഉരുളകളാക്കി ഉരുട്ടുക. ഒരു പിസ്ത സ്ലൈസ് ചെയ്യുക, എന്നിട്ട് അത് പരത്തുക, ടക്ക് ചെയ്യുക.

പാൽ പേഡകൾ പൂർണ്ണമായും തണുപ്പിക്കുക.  ഒരു ദിവസം ഇതേ ഊഷ്മാവിൽ സൂക്ഷിക്കുക.

Back to top button
error: