NEWSSports

ഇന്ത്യക്ക് ജയിക്കാൻ ബിസിസിഐ കൃത്രിമം കാണിക്കുന്നു; ആരോപണവുമായി വീണ്ടും പാക്ക് താരം

കറാച്ചി: ഐസിസി ഇന്ത്യക്കാര്‍ക്ക് മാത്രം പ്രത്യേക പന്ത് നല്‍കുന്നുവെന്ന ഗുരുതര ആരോപണത്തിനു പിന്നാലെ ഇന്ത്യക്കെതിരെ വീണ്ടും വിവാദ പരാമര്‍ശം നടത്തി മുന്‍ പാകിസ്ഥാന്‍ താരം ഹസന്‍ റാസ.

ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ തുടര്‍ച്ചയായ എട്ടാം വിജയം സ്വന്തമാക്കി ഒന്നാം സ്ഥാനത്തോടെ ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പിച്ചിരുന്നു. പിന്നാലെയാണ് ടിവി ചര്‍ച്ചയില്‍ മുന്‍ പാക് താരം വീണ്ടും ആരോപണം ഉന്നയിച്ചത്.

Signature-ad

ഇന്ത്യ ഡിആര്‍എസ് സാങ്കേതിക വിദ്യയില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് ഇത്തവണ ഹസന്‍ റാസ ആരോപിക്കുന്നത്.ബ്രോഡ്കാസ്‌റ്റേഴ്‌സിന്റെ സഹായത്തോടെ ബിസിസിഐ ഡിആര്‍എസില്‍ കൃത്രിമത്വം നടത്തുന്നുണ്ട്.

2011ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സയീദ് അജ്മലിന്റെ പന്തുകള്‍ നേരിടുന്ന ഘട്ടത്തിലും ഇത്തരത്തില്‍ ഡിആര്‍എസ് കൃത്രിമത്വം നടന്നിരുന്നു. ഇന്ത്യയില്‍ നടക്കുന്ന എല്ലാ ലോകകപ്പിലും ഇന്ത്യന്‍ ടീം മിന്നും ഫോമിലാണ് കളിക്കുന്നത്. അതെങ്ങനെയാണ്. എന്തുകൊണ്ടാണ് ഇന്ത്യന്‍ മണ്ണില്‍ മറ്റ് ടീമുകളെല്ലാം ഇന്ത്യക്കെതിരെ മോശം പ്രകടനം നടത്തുന്നത് – താരം ചോദിക്കുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായ പോരാട്ടത്തില്‍ പാകിസ്ഥാന്റെ ജയം തടഞ്ഞും അവര്‍ ഡിആര്‍എസില്‍ കൃത്രിമത്വം കാണിച്ചു. അന്ന് പാക് ജയം തടഞ്ഞത് ഡിആര്‍എസ് സാങ്കേതിക വിദ്യയുടെ തെറ്റായ നിഗമനമാണ്. ഇക്കാര്യത്തില്‍ ക്ഷമ പറയാൻ പോലും ആതിഥേയര്‍ തയ്യാറായിട്ടില്ലെന്നും ഹസൻ റാസ ആരോപിക്കുന്നു.

നേരത്തെ ഇന്ത്യക്കാര്‍ക്ക് മാത്രം പ്രത്യേക പന്ത് ഐസിസി തയ്യാറാക്കി നല്‍കുന്നുവെന്ന താരത്തിന്റെ ആരോപണത്തിനെതിരെ മുന്‍ പാക് താരങ്ങള്‍ തന്നെ രംഗത്തു വന്നിരുന്നു.

Back to top button
error: