NEWSWorld

യുദ്ധം മതിയാക്കണമെന്ന് ലോകം; വഴങ്ങാതെ ഇസ്രയേല്‍

ഗാസ: പലസ്തീന്‍ ജനത അഭയകേന്ദ്രങ്ങളാക്കിയ യുഎന്‍ സ്‌കൂള്‍ കെട്ടിടങ്ങളും ആശുപത്രികളും ആംബുലന്‍സുകളും വരെ തകര്‍ത്ത് ഇസ്രയേല്‍ കൂട്ടക്കുരുതി തുടരുന്നു. വടക്കന്‍ ഗാസയില്‍ ജബാലിയ അഭയാര്‍ഥി ക്യാംപിലെ അല്‍ ഫഖൂറ സ്‌കൂളിനു നേരെ നടത്തിയ മിസൈലാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. അല്‍ ഷിഫ ആശുപത്രിക്കു മുന്നില്‍ ആംബുലന്‍സുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ വെള്ളിയാഴ്ച 15 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണിത്. ഗാസ സിറ്റിയിലെ അല്‍ ഖുദ്‌സ് ആശുപത്രിക്കു മുന്നിലുണ്ടായ വ്യോമാക്രമണത്തില്‍ 21 പേര്‍ക്കു പരുക്കേറ്റു.

സോളര്‍ പാനലുകള്‍ തകര്‍ത്ത് വൈദ്യുതിവിതരണം തടയുന്നതുള്‍പ്പെടെ നടപടികളുമായി ഏറെയും വടക്കന്‍ ഗാസയിലാണ് ഇസ്രയേല്‍ ആക്രമണമെങ്കിലും തെക്കന്‍ ഗാസയെയും വെറുതേ വിടുന്നില്ല. വടക്കന്‍ മേഖല ആക്രമിക്കുമെന്നും തെക്കന്‍ ഗാസയിലേക്കു നീങ്ങണമെന്നും ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്ന ഇസ്രയേല്‍ സേന അതനുസരിച്ചവരെയും ലക്ഷ്യമിടുന്നത് പരിഭ്രാന്തി വര്‍ധിപ്പിച്ചു. ഇസ്രയേല്‍ നഗരങ്ങളില്‍ പണിയെടുത്തിരുന്ന നൂറുകണക്കിനു പലസ്തീന്‍ തൊഴിലാളികളെ കൂട്ടത്തോടെ തിരിച്ചയച്ചു. 3900 കുട്ടികള്‍ ഉള്‍പ്പെടെ, ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 9488 ആയി. 2200 പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്.

Signature-ad

വെടിനിര്‍ത്തലിനായി യുഎസ് ഇസ്രയേലിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് അറബ് ലോകം വീണ്ടും ആവശ്യപ്പെട്ടു. മേഖലയില്‍ വീണ്ടുമെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് നേതാക്കള്‍ ഈ ആവശ്യം ആവര്‍ത്തിച്ചു.

പൊതുവായ വെടിനിര്‍ത്തലിനെ യുഎസ് അനുകൂലിക്കുന്നില്ലെങ്കിലും സംഘര്‍ഷത്തിന് അയവുവരുത്തണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോട് ബ്ലിങ്കന്‍ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ബന്ദികളെ വിട്ടുകിട്ടാതെ ആക്രമണം നിര്‍ത്തില്ലെന്ന് നെതന്യാഹു തീര്‍ത്തുപറഞ്ഞു. ലെബനനിലെ താല്‍ക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാത്തിയുമായി കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കന്‍ മേഖലയിലാകെ യുദ്ധം വ്യാപിക്കാനുള്ള സാധ്യതയില്‍ ആശങ്കയറിയിച്ചു. ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ തെക്കന്‍ ലെബനനില്‍ ആക്രമണം നടത്തി.

Back to top button
error: