BusinessTRENDING

6,500 കോടി രൂപയുടെ കടപ്രതിസന്ധി; ഗോ ഫസ്റ്റ് എയർലൈനിനു വരുന്ന തിങ്കളാഴ്‌ച നിർണായകം

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് എയർലൈനിനു വായ്പ നൽകുന്ന സ്ഥാപനങ്ങൾ വരുന്ന തിങ്കളാഴ്ച യോഗം ചേരും. 6,500 കോടി രൂപയുടെ കടപ്രതിസന്ധിയിലാണ് ഗോ ഫസ്റ്റ്. ഗോ ഫസ്റ്റ് പാട്ടത്തിനെടുത്ത വിമാനങ്ങൾ തിരിച്ചെടുക്കാൻ ഉടമസ്ഥർക്ക് അനുമതി ലഭിച്ച സാഹചര്യത്തിലാണ് യോഗം. പാപ്പരത്ത നടപടികളെ തുടർന്നുള്ള മോറട്ടോറിയം, വിമാനങ്ങൾ വാടകയ്ക്ക് നൽകിയവർക്ക് ബാധകമാകില്ലെന്ന് ഡയറക്ടർ ജനറൻ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കുമ്പോൾ സർവീസ് നടത്താൻ വിമാനങ്ങൾ വളരെ കുറവായിരിക്കുമെന്നാണ് ബാങ്കുകളുടെ ആശങ്ക. ഇക്കാര്യം കൂടി തിങ്കളാഴ്ച ചേരുന്ന വായ്പ നൽകുന്നവരുടെ യോഗത്തിൽ ചർച്ച ചെയ്യും. വിമാനങ്ങൾ തിരികെ കൊണ്ടുപോയാൽ ഗോ ഫസ്റ്റിൻറെ പുനരുജ്ജീവനം അസാധ്യമാകുമെന്നാണ് ബാങ്കുകളുടെ നിലപാട്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും , ബാങ്ക് ഓഫ് ബറോഡയുമാണ് ഫസ്റ്റിന് ഏറ്റവും കൂടുതൽ വായ്പ നൽകിയിരിക്കുന്നത്. സെൻട്രൽ ബാങ്ക് 1,987 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 1,430 കോടിയുമാണ് ഗോ ഫസ്റ്റിന് നൽകിയത്. ഇവയ്ക്ക് പുറമേ ഐ.ഡി.ബി.ഐ. ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡോയിച്ചെ ബാങ്ക് എന്നിവയാണ് വായ്പ നൽകിയ ബാങ്കുകൾ.

Signature-ad

ഡിജിസിഎയുടെ നിലപാട് അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമാണെങ്കിലും ബാങ്കുകൾക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. ഏവിയേഷൻ കമ്പനികൾക്ക് വായ്പ നൽകുന്നത് ബാങ്കുകൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മിക്ക വിമാന കമ്പനികളും പാട്ടത്തിനെടുത്ത വിമാനങ്ങളാണ് ഉപയാഗിക്കുന്നത് എന്നതിനാൽ ഇത് ബാങ്കുകൾക്ക് പിടിച്ചെടുക്കാനാകില്ല. മുമ്പ് കിംഗ്ഫിഷറിലും ജെറ്റ് എയർവേയ്സിലും ഇതാണ് സംഭവിച്ചത്.

ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ മൂന്ന് കമ്പനികൾ ശ്രമിച്ചെങ്കിലും ജിൻഡാൽ സ്റ്റീലിനായിരിക്കും അനുമതി ലഭിക്കുക എന്നാണ് സൂചന. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് പാപ്പരത്തനടപടിക്കായി മേയിലാണ് അപേക്ഷ നൽകിയിരുന്നത്. തകരാറിലായവയ്ക്ക് പകരമുള്ള എൻജിനുകൾ അമേരിക്കൻ എൻജിൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്‌നി ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ നിലപാട്.

Back to top button
error: