NEWSWorld

രാജിവച്ച് പുറത്തുപോകൂ; നെതന്യാഹുവിന്റെ വീടിന് മുമ്പില്‍ കൂറ്റന്‍ പ്രതിഷേധം

ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുമ്പില്‍ കൂറ്റന്‍ പ്രതിഷേധം. ജറുസലേം അസ്സ സ്ട്രീറ്റിലെ വസതിക്കു മുമ്പില്‍ ശനിയാഴ്ച രാത്രി നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഹമാസ് പിടികൂടിയ ബന്ദികളെ തിരിച്ചെത്തിക്കാന്‍ കഴിയാത്ത നെതന്യാഹു ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. ജറൂസലേമില്‍ മാത്രമല്ല, തെല്‍ അവീവ്, ഹൈഫ, ബീര്‍ഷെബ, ഐലാത് എന്നീ നഗരങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാണ്. ബന്ദികളെ തിരിച്ചെത്തിക്കാന്‍ ഹമാസുമായി വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്.

Signature-ad

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1400ലേറെ ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 240ലേറെ പേരെ ബന്ദികളാക്കി. ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ ഇതുവരെ ഒമ്പതിനായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഹമാസിനെ ഇല്ലാതാക്കുന്നതു വരെ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേല്‍ ആക്രമണം നടക്കുന്നത്. എന്നാല്‍ എത്ര ഹമാസ് പോരാളികളെ വകവരുത്താനായി എന്ന കണക്കുകള്‍ ലഭ്യമല്ല. മരിച്ചവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ സാധാരണക്കാരാണ്.

ഹമാസ് ആക്രമണം നേരിടുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടു എന്നു കരുതുന്നവരാണ് ഇസ്രായേലികള്‍. ചാനല്‍ 13 ടെലിവിഷന്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് 76 ശതമാനം ആളുകളും അഭിപ്രായപ്പെട്ടിരുന്നു. യുദ്ധത്തിന് ശേഷം വേഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് 67 ശതമാനം പേരും നിലപാടെടുത്തു. ഹമാസിന്റെ ആക്രമണം നെതന്യാഹുവിന്റെ നേരിട്ടുള്ള പരാജയമാണ് എന്നാണ് 44 ശതമാനം ആളുകളും വിലയിരുത്തിയത്.

അതിനിടെ, ഗസ്സയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന അന്താരാഷ്ട്ര ആവശ്യം നെതന്യാഹു തള്ളി. ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതു വരെ ഇസ്രായേലിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.

 

 

Back to top button
error: