തിരുവനന്തപുരം: മാനവീയം വീഥിയില്‍ നടന്ന കൂട്ടയടിയില്‍ പ്രതികള്‍ക്കായി തെരച്ചില്‍. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മാനവീയം വീഥിയില്‍ യുവാക്കളുടെ കൂട്ടയടി നടന്നത്. ഡാന്‍സ് കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പൂന്തുറ സ്വദേശിയായ യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി അറിയാന്‍ സാധിച്ചു. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. എന്നാല്‍, ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷത്തിനിടെ യുവാക്കളുടെ സംഘം ഇതിന് ചുറ്റും നിന്ന് നൃത്തം വച്ചു.
മാനവീയം വീഥിയില്‍ രാത്രി ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആരും പൊലീസിനെ പരാതിയുമായി സമീപിക്കുന്നില്ല. പലപ്പോഴും മദ്യപസംഘങ്ങളും ലഹരിമാഫിയയും തമ്മില്‍ ഏറ്റുമുട്ടാറുണ്ട്. ഇവര്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി മാനവീയം കൂട്ടായ്മ പരാതിപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
മാനവീയം വീഥിയില്‍ പോലീസ് സുരക്ഷ ശക്തമാക്കും. ഡ്രഗ് കിറ്റും ബ്രത്ത് അനലൈസറും ഉപയോഗിച്ച് ലഹരിപരിശോധന നടത്തും. പോലീസ് നായയെയും പരിശോധനയ്ക്ക് എത്തിക്കും. കൂടാതെ, ദ്രുതകര്‍മസേനയെ കൂടി വിന്യസിക്കും. റോഡിന് ഇരുവശത്തും ബാരിക്കേഡും കൂടുതല്‍ സിസിടിവി ക്യാമറകളും സ്ഥാപിക്കും.