ന്യൂഡല്‍ഹി: ഖലിസ്താന്‍ വിഘടനവാദി ഹര്‍ദ്ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ തെളിവ് നല്‍കാന്‍ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ എണ്ണത്തിന് അനുപാതമായി ഇന്ത്യയിലെ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് കനേഡിയന്‍ ഹൈക്കമ്മീഷനോട് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ കാനഡ പരാജയപ്പെട്ടതായി സഞ്ജയ് കുമാര്‍ വര്‍മ വ്യക്തമാക്കി. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങളെ ഇന്ത്യ സുശക്തമായി നിഷേധിക്കുകയും കാനഡയിലെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാനഡയില്‍ താനുള്‍പ്പടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണിയുണ്ടെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.
കാനഡയില്‍ ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധിക്കപ്പെട്ടതില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ ആരോപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.