CrimeNEWS

നടി മാളവികയുടെ ആധാര്‍ ദുരുപയോഗം ചെയ്ത് സിം എടുത്തു; മോശം സന്ദേശങ്ങളയച്ച് അജ്ഞാതന്‍

ബംഗളൂരു: നടി മാളവിക അവിനാഷിന്റെ പേരിലെടുത്ത സിം കാര്‍ഡ് ഉപയോഗിച്ച് നിരവധി പേര്‍ക്ക് മോശം സന്ദേശങ്ങളയച്ച് അജ്ഞാതന്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പിനെ തുടര്‍ന്ന് നടി മുംബൈ പോലീസിന് പരാതി നല്‍കി. കെജിഎഫ് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക.

മാളവിക തന്നെയാണ് തന്റെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ട വിവരം ദേശീയ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ട്രായിയില്‍ നിന്ന് മാളവികയ്ക്ക് മുന്നറിയിപ്പ് ലഭിച്ചത്. രണ്ട് മണിക്കൂറിനകം മൊബൈല്‍ നമ്പര്‍ അസാധുവാക്കുമെന്നും കൂടുതല്‍ വിവരങ്ങളറിയാന്‍ 9 എന്ന നമ്പര്‍ ഡയല്‍ ചെയ്യണമെന്നുമായിരുന്നു ട്രായി അധികൃതര്‍ പറഞ്ഞത്.

Signature-ad

തുടര്‍ന്ന് ഈ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് തന്റെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് ആരോ ഒരാള്‍ സിം എടുത്തതായും ഇതില്‍ നിന്ന് പലര്‍ക്കും മോശം സന്ദേശങ്ങള്‍ പോയതായും നടി മനസിലാക്കിയത്. ഇക്കാരണത്താല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചെടുത്ത മുഴുവന്‍ മൊബൈല്‍ നമ്പറും റദ്ദാക്കുമെന്നാണ് അതോറിറ്റി അറിയിച്ചിട്ടുള്ളത്. മുംബൈ ഘാട്‌കോപറാണ് സിമ്മിന്റെ ലൊക്കേഷനായി ട്രായ് അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

എന്നാല്‍, ആധാര്‍ രേഖകള്‍ ദുരുപയോഗപ്പെടുത്തിയതാണെന്നും താന്‍ എടുത്ത നമ്പറുകള്‍ റദ്ദാക്കരുതെന്ന് കാട്ടി മുംബൈ പൊലീസിനെ സമീപിക്കുമെന്ന് നടി വ്യക്തമാക്കി. ”ഇങ്ങനെയൊരു സിം കാര്‍ഡ് എടുത്തിട്ടില്ലെന്ന് ഞാന്‍ വ്യക്തമായി ട്രായി അധികൃതരോട് പറഞ്ഞു. പിന്നീടവര്‍ ഒരു പോലീസ് ഓപ്പറേറ്ററുമായി എന്നെ ബന്ധപ്പെടുത്തി. അയാളെന്നോട് തീരെ സഹതാപം കാട്ടിയില്ല. ട്രായിയില്‍ നിന്നുള്ള വിവരങ്ങള്‍ ബോധിപ്പിച്ചിട്ടും പരാതി നല്‍കാന്‍ മുംബൈയിലേക്ക് ചെല്ലണമെന്നാണ് പറഞ്ഞത്.” മാളവിക പറഞ്ഞു.

മുംബൈയിലേക്ക് നേരിട്ട് വരാനാവില്ലെന്ന് പറഞ്ഞപ്പോള്‍ സ്‌കൈപ്പ് കോളില്‍ വരാനാണ് തന്നോട് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് നടി പറഞ്ഞു. ”ഇതനുസരിച്ച് ഞാന്‍ അദ്ദേഹത്തെ സ്‌കൈപ്പില്‍ ബന്ധപ്പെട്ടു. എന്നെ കണ്ടതും കെ.ജി.എഫില്‍ അഭിനയിച്ച നടിയാണ് ഞാനെന്ന് ആ പോലീസുകാരന്‍ തിരിച്ചറിഞ്ഞു. അയാള്‍ സ്വയം പരിചയപ്പെടുത്തുകയും എന്റെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തുകയും ചെയ്തു. മൊഴി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ആ പോലീസ് ഉദ്യോ?ഗസ്ഥന്‍ അറിയിച്ചു.” മാളവിക വ്യക്തമാക്കി.

ആധാര്‍ ഒരു പാസ്പോര്‍ട്ട് പോലെയോ മറ്റേതെങ്കിലും രേഖയെപ്പോലെയോ പ്രധാനമാണ്. അത് വളരെ അത്രമേല്‍ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടണം എന്നതാണ് ഈ സംഭവത്തില്‍ നിന്നുമുള്ള തന്റെ പഠനം. നാമത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പൗരന്മാര്‍ എന്ന നിലയില്‍ ആധാറിന് ഗൗരവതരമായ ശ്രദ്ധകൊടുത്തിട്ടില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നും മാളവിക അവിനാഷ് കൂട്ടിച്ചേര്‍ത്തു.

Back to top button
error: