IndiaNEWS

ഡീആക്ടിവേറ്റ് ചെയ്ത മൊബൈല്‍ നമ്പര്‍ 90 ദിവസം കഴിയാതെ മറ്റൊരാള്‍ക്ക് നല്‍കില്ല; 45 ദിവസം നിഷ്‌ക്രിയമായാല്‍ വാട്‌സാപ്പ് ഡാറ്റ ഡിലീറ്റാകും

ന്യൂഡല്‍ഹി: ഉപയോഗത്തിലില്ലാത്ത മൊബൈല്‍ നമ്പര്‍ ഡീആക്ടിവേറ്റ് ചെയ്യുകയോ, ഉപയോക്താവിന്റെ ആവശ്യാനുസരണം ബന്ധവിച്ഛേദം നടത്തുകയോ ചെയ്തതിനു ശേഷം 90 ദിവസം കഴിയാതെ മറ്റൊരാള്‍ക്ക് നല്‍കില്ലെന്ന് കേന്ദ്ര ടെലികോം നിയന്ത്രണ അതോരിറ്റി (ട്രായ്) സുപ്രീംകോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളില്‍ ഉപയോക്താവിന് തന്റെ സ്വകാര്യത ഉറപ്പാക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. 45 ദിവസം തുടര്‍ച്ചയായി നിഷ്‌ക്രിയമായി തുടരുന്ന വാട്‌സാപ്പ് അക്കൗണ്ടിലെ വിവരങ്ങള്‍ നീക്കം ചെയ്യും. ഇതിനുശേഷം വീണ്ടും 45 ദിവസം പിന്നിട്ട ശേഷമേ നമ്പര്‍ മറ്റൊരാള്‍ക്ക് അനുവദിക്കുകയുള്ളൂ.

ഉപയോഗിക്കാത്ത ഫോണ്‍ നമ്പരുകള്‍ മറ്റൊരാള്‍ക്ക് അനുവദിക്കുമ്പോള്‍ അതിലെ വാട്‌സാപ്പ് ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ട്രായിയുടെ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എസ്വിഎന്‍ ഭാട്ടി എന്നിവരാണ് കേസില്‍ വാദം കേട്ടത്. തമിഴ്‌നാട്ടിലെ ഒരു വക്കീലായ രാജേശ്വരി സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ തീരുമാനം. ഉപയോഗിക്കാത്ത നമ്പരുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നത് തടയാന്‍ ട്രായിക്ക് നിര്‍ദ്ദേശം നല്‍കണമെന്നതായിരുന്നു ഹരജിക്കാരിയുടെ ആവശ്യം.

Signature-ad

നിഷ്‌ക്രിയമായ ഒരു നമ്പര്‍ 90 ദിവസത്തേക്ക് മറ്റൊരാള്‍ക്ക് അനുവദിക്കുന്നില്ല എന്നതിനാല്‍ ഉപയോക്താവിന് തന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ചെയ്യാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സ്വന്തം സ്വകാര്യത സംരക്ഷിക്കാന്‍ ഉപയോക്താവിന് ആവശ്യമായ സമയം ലഭിക്കുന്നുണ്ടെന്ന് ട്രായ് അഭിഭാഷകന്‍ സന്ദീപ് കപൂര്‍ മുഖാന്തിരം സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കി. വാട്‌സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു, നമ്പരുമായി ബന്ധിപ്പിച്ച ക്ലൗഡ് ഡാറ്റ നീക്കം ചെയ്തും ഉപയോക്താവിന് സ്വകാര്യതാ സംരക്ഷണം ഉറപ്പാക്കാവുന്നതാണ്.

വാട്‌സാപ്പ് കമ്പനി തന്നെയും ഇക്കാര്യത്തില്‍ ചില രീതികള്‍ പിന്തുടരുന്നുണ്ടെന്ന് സത്യവാങ്മൂലം പറഞ്ഞു. അക്കൗണ്ട് 45 ദിവസത്തോളം നിഷ്‌ക്രിയമായി തുടരുകയും അതിനു ശേഷം മറ്റൊരു ഫോണില്‍ ആക്ടിവേറ്റ് ചെയ്യുകയും ചെയ്താല്‍ ആ അക്കൗണ്ടിലെ ഡാറ്റ നീക്കം ചെയ്യപ്പെടുമെന്ന് വാട്‌സാപ്പ് ഹെല്‍പ്പ് സെന്റര്‍ പറയുന്നുണ്ടെന്നും കോടതിയെ ട്രായ് ബോധിപ്പിച്ചു.

ഓരോ മാസവും മൊബൈല്‍ നമ്പര്‍ റിവേക്കേഷന്‍ ലിസ്റ്റ് തങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഇത് കമ്പനികള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും ട്രായ് കോടതിയെ ബോധിപ്പിച്ചു. സര്‍വീസ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ക്കും ഇവ ലഭ്യമാക്കുന്നുണ്ട്. ഇതുവഴി ഒടിപി പോലുള്ളവ മാറിച്ചെല്ലുന്നത് തടയാന്‍ കഴിയുന്നു.

 

Back to top button
error: